പത്തുവയസുകാരിയുടെ ഒരൊറ്റ ട്വീറ്റില്‍ പ്ലാസ്റ്റിക് മുക്തമായി താജ്മഹല്‍ പരിസരം

സംഗതി ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നാണ് പ്രണയത്തിന്റെ അനശ്വര കുടീരമാണ് എന്നൊക്കെ പറയാമെങ്കിലും താജ് മഹലും പരിസരവും മാലിന്യങ്ങളുടെ കൂമ്പാരം കൂടിയാണ്. പലരും പലവട്ടം ഇതൊക്കെ ചൂണ്ടിക്കാട്ടിയിട്ടുണ്ട് എങ്കിലും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല എന്നതാണ് സത്യം. എന്നാല്‍ ഒരൊറ്റ ട്വീറ്റില്‍ താജ്മഹല്‍ പരിസരം പ്ലാസ്റ്റിക് മുക്തമാക്കിയിരിക്കുകയാണ് ഒരു കുട്ടി. ഒരു പത്തുവയസുകാരിയുടെ ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആ ട്വീറ്റ് വരുത്തിയ മാറ്റവും വളരെ വലുതാണ്. ‘താജ്മഹലിന്റെ സൗന്ദര്യത്തിനു പിന്നില്‍ പ്ലാസ്റ്റിക് മലിനീകരണം’ എന്നെഴുതി പ്ലക്കാര്‍ഡ് കയ്യില്‍ പിടിച്ച് താജ്മഹലിന്റെ അടുത്ത് നിന്നെടുത്ത ഫോട്ടോ അടക്കമാണ് ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടത്.

എന്നാല്‍, ആ ട്വീറ്റ് പെട്ടെന്ന് ഒരു പരിഹാരവും ഉണ്ടാക്കി. പോസ്റ്റ് ശ്രദ്ധയില്‍ പെട്ട ആഗ്ര നഗരസഭാധികൃതര്‍ വളരെ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച് താജ്മഹല്‍ പ്രദേശത്തെ യമുനാതീരം പ്ലാസ്റ്റിക് മുക്തമാക്കി.. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവര്‍ത്തകയാണ് ലിസിപ്രിയ കംഗുജം. കഴിഞ്ഞമാസം താജ്മഹലിന് പിന്നിലെ യമുനാതീരം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചയാണ് ലിസിപ്രിയയെ ഏറെ വിഷമിപ്പിച്ചത്. ആ രംഗം കാമറയില്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കിട്ടതോടെയാണ് ആളുകള്‍ ഇത് ശ്രദ്ധിച്ചത്. ഇത് അതികൃതരുടെയും ശ്രദ്ധയില്‍ പെട്ടു. ഉടനടി ഇതിനെതിരെ നടപടി കൈകൊണ്ട് യമുനാതീരം പ്ലാസ്റ്റിക് മുക്തമാക്കുകയായിരുന്നു.