ജീവനക്കാരെ പരിഭ്രാന്തിയിലാക്കി നിറ തോക്കുമായി ലൈസന്‍സ് എടുക്കാന്‍ കളക്ട്രേറ്റില്‍ എത്തിയ 84 കാരന്‍
മൂവാറ്റുപുഴ മുടവൂര്‍ സ്വദേശിയായ 84-കാരനാണ് എട്ട് ഉണ്ടകള്‍ നിറച്ച തോക്കുമായി കളക്ടറേറ്റിലെത്തി ലൈസന്‍സ് ആവശ്യപ്പെട്ടത്.തിങ്കളാഴ്ച വൈകീട്ട് എറണാകുളം കളക്ടറേറ്റിലാണ് സംഭവം നടന്നത്. ‘ദേ… ഈ തോക്കിനൊരു ലൈസന്‍സ് വേണം. നല്ല കണ്ടീഷനുള്ള തോക്കാണ്’ ഇതായിരുന്നു വയോധികന്റെ ആവശ്യം. വയോധികന്റെ പെരുമാറ്റം കുറച്ച് നേരത്തേക്ക് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി. 2007 മുതല്‍ സ്വയരക്ഷാര്‍ഥം റിവോള്‍വര്‍ ഉപയോഗിക്കാന്‍ കളക്ടര്‍ ഇദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയും നേരത്തെ കലക്ടറേറ്റില്‍ സമര്‍പ്പിച്ചതാണ്. അതെ കുറിച്ച് ചോദിച്ചാണ് വയോധികന്‍ കലക്ടറേറ്റില്‍ എത്തിയത്. ലൈസന്‍സ് പുതുക്കാനുള്ള റിപ്പോര്‍ട് അയച്ചിരിക്കുകയാണെന്ന് വയോധികനോട് പറഞ്ഞെങ്കിലും മടങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
ലൈസന്‍സ് പുതുക്കുന്നതിനുള്ള റിപ്പോര്‍ട്ട് മൂവാറ്റുപുഴ താലൂക്കിലും പോലീസിനും കൈമാറിയിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ തിരികെ നല്‍കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തോക്ക് കാഞ്ചിയിലിട്ട് കറക്കുന്നത് കണ്ടതോടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. മറ്റു ജീവനക്കാരെത്തി അദ്ദേഹത്തെ പറഞ്ഞു മനസിലാക്കിയാണ് തോക്ക് തിരിച്ചുവാങ്ങിയത്. ജീവക്കാര്‍ അദ്ദേഹത്തെ അനുനയിപ്പിച്ച് തോക്ക് വാങ്ങിയ ശേഷം തൃക്കാക്കര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിറ തോക്കുമായി ഒരാള്‍ കളക്ടറേറ്റില്‍ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വയോധികന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.