നടിയെ ആക്രമിച്ച കേസ് ; പ്രതിഭാഗത്തിനു തിരിച്ചടി ; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചിയില്‍ കാറില്‍ നടിയെ ആക്രമിച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നല്‍കി. മുന്‍പ് പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കുകയും ചെയ്തു.

രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് അയക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷണ സംഘത്തിന് പരിശോധിയ്ക്കാം.അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. പരിശോധന ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ നടപടികള്‍ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടര്‍നടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നല്‍കിയിരിക്കുന്ന സമയം.