സജി ചെറിയാന്റെ വിവാദ പ്രസ്താവന ഗവര്‍ണര്‍ ഇടപെട്ടു
സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ ഗവര്‍ണര്‍ ഇടപെടല്‍. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിയുടെ പ്രസ്താവന ഗൗരവപൂര്‍വം നിരീക്ഷിക്കുകയാണെന്ന് രാജ്ഭവന്‍ അറിയിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രിയും വിശദീകരണം ആവശ്യപ്പെട്ടു. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി.
ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.