സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് തകരാര്‍ തുടര്‍കഥ ; യാത്രാമധ്യേ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസ് പൊട്ടി

വിമാനത്തിന്റെ പുറം ഗ്ലാസില്‍ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് ഗുജറാത്തിലെ കാണ്ട്‌ലായില്‍ നിന്നും തിരിച്ച സ്‌പൈസ്‌ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ ജനാലയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌പൈസ്‌ജെറ്റിന് മുംബൈ വിമാനത്താവളത്തില്‍ മുന്‍ഗണന ലാന്‍ഡിങ് ചെയ്തത്. ഇത് ഇന്ന് സ്‌പൈസ്‌ജെറ്റ് നേരിടുന്ന രണ്ടാമത്തെ സംഭവമാണ്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ധന സൂചകത്തിലെ തകരാര്‍ കാരണം സ്പൈസ് ജെറ്റിന്റെ ഡല്‍ഹി-ദുബായ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്ന ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. കാണ്ട്‌ലായില്‍ നിന്നും മുംബൈയിലേക്ക് തിരിച്ച എസ്ജി 3324 എന്ന സ്‌പൈസ്‌ജെറ്റിന്റെ ക്യൂ400 എന്ന എയര്‍ക്രാഫ്റ്റിന്റെ ജനാലയില്‍ യാത്രമധ്യേ വിള്ളല്‍ അനുഭവപ്പെട്ടതിനാല്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

കാണ്ട്‌ല-മുംബൈ വിമാനം 23,000 അടി ഉയരത്തില്‍ ആയിരുന്നപ്പോഴാണ് വിന്‍ഡ്ഷീല്‍ഡിന്റെ പുറം പാളി വിണ്ടുകീറിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റുമാര്‍ മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.നേരത്തെ എസ്ജി11ന്റെ ഇന്‍ഡിക്കേറ്ററിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയതെന്ന് വിമാനക്കമ്പിനി അറിയിച്ചു. രാവിലെ 7.40ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ദുബായില്‍ യുഎഇ പ്രാദേശിക സമയം രാവിലെ 9.50ന് എത്തി ചേരണ്ട എസ്ജി-11 വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്. ബോയിംഗ് 737 മാക്സ് വിമാനം ഇടത് ടാങ്കില്‍ നിന്ന് ആകാശമധ്യേയാണ് അസാധാരണമായ നിലയില്‍ ഇന്ധനത്തിന്റെ അളവ് കുറയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ അഞ്ച് സംഭവങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച നടന്ന രണ്ട് സംഭവങ്ങളും ഡിജിസിഎ അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.