അത് ബോംബല്ല ; എകെജി സെന്ററിലേക്ക് എറിഞ്ഞത് പടക്കത്തിന് സമാനമായ വസ്തു എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
എ കെ ജി സെന്ററിന്റെ മതിലില്‍ എറിഞ്ഞ വസ്തു ബോംബ് അല്ല എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എറിഞ്ഞത് സ്‌ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്ന് ഫോറന്‍സിക് പ്രാഥമിക വിലയിരുത്തല്‍. വലിയ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയില്ലാത്ത ഏറുപടക്കത്തിന് സമാനമായ വസ്തുവെന്നാണ് ഫോറന്‍സിക് കണ്ടെത്തല്‍. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമമിനിയം പൗഡര്‍ എന്നിവയാണ്. വീര്യംകുറഞ്ഞ പടക്കങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്. കല്ലും പേപ്പറും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ബോംബ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒന്നുംതന്നെ കണ്ടെത്തനായിട്ടില്ല.
അതേസമയം എറിഞ്ഞത് ബോംബാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. എറിഞ്ഞത് സ്റ്റീല്‍ ബോംബ് ആണ് എന്നായിരുന്നു ജയരാജന്‍ ആദ്യം പ്രതികരിച്ചത്. ബോംബേറില്‍ എ കെ ജി സെന്ററില്‍ പ്രകമ്പനം ഉണ്ടായി എന്നായിരുന്നു ശ്രീമതി ടീച്ചര്‍ പറഞ്ഞത്. സംഭവ സമയം ടീച്ചര്‍ എ കെ ജി സെന്ററില്‍ ഉണ്ടായിരുന്നു. അതേസമയം സംഭവം കഴിഞ്ഞ് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ കൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് വിമര്‍ശനവും ഉയരുന്നുണ്ട്. 70 ഓളം ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് കാര്യമായ സൂചന ലഭിച്ചില്ല. നിലവില്‍ നിരവധി പേര്‍ നിരീക്ഷണത്തിലെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതി ഒറ്റയ്ക്ക് അക്രമം നടത്തി മടങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ചുവപ്പ് നിറത്തിലെ ഡിയോ സ്‌കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിഗമനം.