കണ്ണൂരിലുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാന്‍ മുയല്‍ വിറ്റ കാശുമായി തിരുവനന്തപുരത്തു നിന്നും 16 കാരന്‍

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാന്‍ തിരുവനന്തപുരത്തു നിന്നും പോയ 16 കാരന്റെ വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍. അതേസമയം വീട്ടുകാരറിയാതെ 16 കാരനുമായി സിനിമക്ക് പോയ പെണ്‍കുട്ടിയെ കാണാതായതോടെ പോലീസും വീട്ടുകാരും നാട് മുഴുവന്‍ അരിച്ചു പെറുക്കി. അവസാനം പെണ്‍കുട്ടിയെ സിനിമാ തിയറ്ററില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സ്‌കൂളധികൃധരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ അധികൃധരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാവിലെ വീട്ടില്‍ നിന്നും വാനില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരി സ്‌കൂളിലെത്തിയില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വാനില്‍ യാത്ര ചെയ്തിരുന്നു. വിവരമറിഞ്ഞവരെല്ലാം പരിഭ്രാന്തിയിലായി. പൊലീസില്‍ പരാതി നല്‍കി. പൊലീസ് കണ്ണൂര്‍ നഗരം അരിച്ചുപെറുക്കി. ഒടുവില്‍ പൊലീസും ഞെട്ടി.

കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് വരാന്‍ വാനില്‍ കയറിയ വിദ്യാര്‍ത്ഥിനി എവിടെ എന്നറിയാതെ സ്‌കൂള്‍ അധികൃതര്‍ പകച്ചു. പരാതിക്ക് പിന്നാലെ സംശയം തോന്നി ഇടങ്ങളിലെല്ലാം പോലീസ് പരിശോധന. സിറ്റി സ്റ്റേഷനുകളില്‍ നിന്ന് സമീപ സ്റ്റേഷനുകളിലേക്ക് വിവരവും കൈമാറി. ഒടുവില്‍ വിദ്യാര്‍ഥിനിയുടെ വീട്ടിലെ ഫോണ്‍ പരിശോധിച്ചതോടെ സ്‌കൂളിലെത്താത്തതിന്റെ കാരണം പോലീസിന് വ്യക്തമായി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരന്‍ സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ പരിചയമാണ് ഒരുമിച്ചുള്ള യാത്രയിലേക്ക് എത്തിയത്. ഇതിനായി 16 കാരന്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തി. വീട്ടിലെ മുയലുകളെ വിറ്റ കാശുകൊണ്ടാണ് 16 കാരന്‍ കണ്ണൂരിലെത്തിയത്. പനിയായതിനാല്‍ അവധിയായിരിക്കുമെന്ന് ക്ലാസ് ടീച്ചര്‍ക്ക് ഒരു മെസ്സേജ് അയച്ചതിന് ശേഷമാണ് വിദ്യാര്‍ഥിനി വീട്ടില്‍ നിന്നിറങ്ങിയത്.

പിന്നീട് വിദ്യാര്‍ഥിനി സാധാരണ പോലെ സ്‌കൂള്‍ വാനില്‍ കയറി സ്‌കൂളിന്റെ മുന്നില്‍ ഇറങ്ങി. തുടര്‍ന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം കൂടി . നേരെ തിയറ്ററിലേക്ക്. തീയേറ്ററിന്റെ ശുചി മുറിയില്‍ വച്ച് യൂണിഫോം മാറി കൈയില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെണ്‍കുട്ടി സിനിമക്ക് കയറിയത്. എന്നാല്‍ വിദ്യാര്‍ഥിനി സ്‌കൂളിന്റെ മുന്‍പില്‍ വാന്‍ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് ഈ മുങ്ങല്‍ കഥ അദ്ധ്യാപകരെ അറിയിച്ചത്. പരിഭ്രാന്തര്രായ സ്‌കൂള്‍ അധികൃതര്‍ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതിപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാര്‍ഥിനിയെ 16 കാരനൊപ്പം തീയേറ്ററിന് പുറത്ത് നിന്നും കണ്ടെത്തിയത്.