വിവാഹത്തെക്കുറിച്ച് സംസാരിച്ച യുവതിയെ കാമുകന്‍ ഓടുന്ന കാറില്‍നിന്ന് തള്ളിയിട്ടു

കുന്നംകുളത്ത് കാമുകന്‍ യുവതിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ടു. വിവാഹത്തെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കാമുകനായ പ്രതിയായ അര്‍ഷദ് ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കാറില്‍ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ് പരിക്കേറ്റ യുവതി. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഗുരുവായൂര്‍ കാവീട് സ്വദേശിയാണ് അര്‍ഷാദ്. ഇരുവരും നേരത്തെ മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ച മുതല്‍ അര്‍ഷദിനൊപ്പമാണ് യുവതി താമസിക്കുന്നത്. ഇന്ന് രാവിലെ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അര്‍ഷാദ് ഡോര്‍ തുറന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു.

എന്നാല്‍ പിടിവിടാതെ ഡോറില്‍ തൂങ്ങി കിടക്കുന്നതിനിടെയാണ് യുവതിക്ക് സാരമായി പരിക്കേറ്റത്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതീക്ഷയെ അര്‍ഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നിലയിലാണ് രാവിലെ റോഡരികില്‍ പ്രതീക്ഷയെ കണ്ടെത്തിയത്. കാറപകടത്തില്‍ പരിക്കേറ്റതാണെന്നും ഇടിച്ച കാര്‍ നിര്‍ത്താതെ പോയി എന്നുമായിരുന്നു ആദ്യ നിഗമനം. സാരമായി പരിക്കേറ്റ യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി എടുത്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ പരാതിയില്‍ അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.