പിണറായി സര്‍ക്കാരിന്റെ ആദ്യ വിക്കറ്റ് വീണു ; സജി ചെറിയാന്‍ രാജിവച്ചു
വിവാദങ്ങള്‍ക്ക് ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിക്കറ്റ് വീണു. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐ എം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത് തിരിച്ചടിയായി. മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്.
എകെജി സെന്ററില്‍ ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടന്‍ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയില്‍ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഐഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്. രാവിലെ രാജിയില്ലെന്ന് ആവര്‍ത്തിച്ച സജി ചെറിയാന്‍, പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമര്‍ച്ചതെന്നാണ് വിവരം. എന്നാല്‍ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് വാര്‍ത്താസമ്മേളനത്തില്‍ സജി ചെറിയാന്‍ പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും എല്ല മാര്‍ഗങ്ങളും ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ ശാക്തീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനാ ലക്ഷ്യങ്ങള്‍ പലപ്പോഴും അട്ടിമറിക്കപ്പെട്ടു. അതിനെതിരേ സിപിഎം അഭിമാനാര്‍ഹമായ പോരാട്ടങ്ങള്‍ നടത്തി. പ്രസംഗത്തില്‍ പറഞ്ഞതു മുഴുവന്‍ മാധ്യമങ്ങള്‍ കാട്ടിയില്ല. ഭരണഘടനയോടുള്ള അവമതിപ്പായി ഇത് വ്യാഖ്യാനിക്കുമെന്നു കരുതിയില്ല. സര്‍ക്കാരിന്റെയും മുന്നണിയുടെയും നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ പ്രസംഗത്തെ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശിക്കാന്‍ ശ്രമിച്ചത് ഭരണകൂടത്തേയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാന്‍ നേരത്തെ വിശദീകരിച്ചത്. സിപിഎമ്മിന്റെ അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാന്‍ ചോദിച്ചത്. എന്തിന് രാജിവെക്കണം, എന്താണ് പ്രശ്‌നമെന്നും ചോദിച്ച മന്ത്രി വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും വ്യക്തമാക്കി.