പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

പ്രമുഖ കായിക താരം പി ടി ഉഷ, സംഗീതജ്ഞന്‍ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരന്‍ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. നാമനിര്‍ദ്ദേശത്തിന് പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി ടി ഉഷ. അവര്‍ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍’- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.തലമുറകളെ തന്റെ വിസ്മയ സംഗീതം കൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പശ്ചാത്തലത്തില്‍ തിന്ന് സംഗീതത്തിന്റെ കൊടുമുടികള്‍ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.