അമര്‍നാഥില്‍ മേഘവിസ്‌ഫോടനം ; 10 മരണം , നാല്‍പതോളം പേരെ കാണാനില്ല
ജമ്മുകശ്മീരിലെ അമര്‍നാഥില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. നാല്‍പ്പതോളം പേരെ കാണാനില്ല.അമര്‍നാഥ് ക്ഷേത്രത്തിന് സമീപമാണ് മേഘവിസ്ഫോടനം ഉണ്ടായത്. വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. 25 ടെന്റുകള്‍ തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണറോട് വിവരങ്ങള്‍ തേടി. പത്തുപേരുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
മേഘസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയമാണ് അപകടത്തിനിടയാക്കിയത്. എന്‍ഡിആര്‍എഫ് രക്ഷാ പ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍ പെട്ട എല്ലാവരും തീര്‍ത്ഥാടകരാണ്. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മരണ സംഖ്യ കൂടാനാണ് സാധ്യത എന്നാണ് ലഭിക്കുന്ന വിവരം.