റിയാസിന് യുവജനകാര്യം , വാസവന് സിനിമയും സാംസ്‌കാരികവും , ഫിഷറീസ് അബ്ദുറഹ്മാന് ; സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ച് നല്‍കി

വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകള്‍ മറ്റുള്ള മന്ത്രിമാര്‍ക്കാര്‍ക്കായി വിഭജിച്ച് നല്‍കി. വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ്. വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. സിനിമ, സാംസ്‌കാരിക വകുപ്പുകള്‍ വി എന്‍ വാസവനാണ് നല്‍കിയത്. യുവജനകാര്യം മുഹമ്മദ് റിയാസിനും ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും നല്‍കി. വകുപ്പുമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

സജി ചെറിയാന് പകരം മന്ത്രി ഉടനെയുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിവാദപ്രസംഗത്തില്‍ സജി ചെറിയാന്റെ (Saji Cheriyan) രാജി പാര്‍ട്ടി നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും പ്രസംഗത്തില്‍ തനിക്ക് തെറ്റു പറ്റിയെന്ന് സജി ചെറിയാന്‍ പാര്‍ട്ടിയോട് സമ്മതിച്ചിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാന് പകരം മന്ത്രി ഉടനെയുണ്ടാവില്ലെന്ന് വ്യക്തമാക്കിയ കോടിയേരി അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും അറിയിച്ചു.

പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.