ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കമ്പനി തയാറാകത്തതിനെ തുടര്‍ന്നാണ് 4400 കോടി ഡോളറിന്റെ കരാറില്‍ നിന്ന് മസ്‌ക് പിന്മാറുന്നത് എന്നാണ് വിവരം. വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കിയില്ലെങ്കില്‍ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്നും പിന്മാറുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നല്‍കിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോള്‍ കരാറില്‍ നിന്നും പിന്മാറാനും മസ്‌ക് എടുത്ത് പറയുന്നത്. ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍, ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) വാഗ്ദാനം ചെയ്തായിരുന്നു ട്വിറ്റര്‍ ഏറ്റെടുക്കുകയാണെന്ന് മസ്‌ക് അറിയിച്ചത്.പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകള്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് താന്‍ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്.