മെരുക്കാനെത്തിച്ച കുങ്കിയാനയും കൊമ്പനും സൗഹൃദത്തിലായി ; പണി കിട്ടിയത് വനംവകുപ്പിനും നാട്ടുകാര്‍ക്കും
ജനങ്ങള്‍ക്ക് ഭീഷണിയായ ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ കൊണ്ടു വന്ന കുങ്കിയാനയും കൊമ്പനും സൗഹൃദത്തിലായതോടെ വലഞ്ഞ് വനം വകുപ്പും നാട്ടുകാരും. പാലക്കാട്ടാണ് ആനകളുടെ അപൂര്‍വ സൗഹൃദം അരങ്ങേറിയത്. പാലക്കാട് ഒടുവങ്ങാട് റബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗിനിടെ ഷാജിയെന്ന കര്‍ഷകന്റെ മരണത്തെതുടര്‍ന്നാണ് ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ കുങ്കിയാനയെ എത്തിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. അങ്ങനെ കോട്ടൂര്‍ ആന സങ്കേതത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് അഗസ്ത്യന്‍ എന്ന കുങ്കിയാനയെ എത്തിച്ചു.പക്ഷേ ഇരുവരും നല്ല സൗഹൃദത്തിലാവുകയായിരുന്നു. ഇപ്പോള്‍ അഗസ്ത്യന് വേണ്ടി വനംവകുപ്പ് നല്‍കുന്ന ഭക്ഷണമാണ് കാട്ടാന പലപ്പോഴും വന്ന് കഴിക്കുന്നത്.
രാത്രിയും പകലുമടക്കം സ്ഥിരമായി കുങ്കിയാനയെ കാണാന്‍ കാട്ടാന എത്തുന്നുണ്ട്. ഇതോടെ കൊമ്പനെ തളക്കാനുള്ള വനംവകുപ്പിന്റെ നീക്കം തന്നെ അസ്ഥാനത്തായി. ഇതിനിടയില്‍ ധോണിയില്‍ കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ ശിവരാമന്‍ എന്ന വയോധികനെ കാട്ടാന ചവിട്ടുകൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമന്‍ നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. ഇതില്‍ വലിയ പ്രതിഷേധം പ്രദേശത്ത് ആരംഭിച്ചതോടെ അഗസ്ത്യന് പകരം വേറെ ഒരു കുങ്കിയാനയെ കൂടി ഇവിടെ എത്തിച്ചു. ‘പ്രമുഖ ‘ എന്ന കുങ്കിയാനയെയാണ് എത്തിച്ചിരിക്കുന്നത്. തുടര്‍ന്ന് കൊമ്പനെ കാടു കയറ്റാനുള്ള നീക്കമാണ് വനംവകുപ്പ് ഇപ്പോള്‍ നടത്തുന്നത്.