കോവിഡിന് ശേഷം മലയാള സിനിമ വന്‍ പ്രതിസന്ധിയില്‍ ; ആറു മാസം കൊണ്ട് കോടികളുടെ നഷ്ടം
നഷ്ട്ടത്തില്‍ നിന്നും നഷ്ട്ടത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നമുക്ക് സംഭവിച്ചത് കോടികളുടെ നഷ്ടം. കൊവിഡിന് ശേഷം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍, ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ റിലീസ് ചെയ്തത് 111 ചിത്രങ്ങള്‍. ഇതില്‍ 36 ചിത്രങ്ങള്‍ നേരിട്ട് ഒടിടിയില്‍ എത്തി. 74 ചിത്രങ്ങള്‍ തീയറ്ററില്‍ റിലീസ് ചെയ്തു. ഒരെണ്ണം ടെലിവിഷന്‍ പ്രീമിയര്‍ ആയി. തീയറ്ററുകളിലെത്തിയ 74 സിനിമകളില്‍ വിജയം നേടിയത് ആറെണ്ണം മാത്രം. സൂപ്പര്‍ശരണ്യ, ഹൃദയം, ഭീഷ്മപര്‍വം, ജനഗണമന, സിബിഐ ഫൈവ്, ജോ ആന്‍ഡ് ജോ എന്നിവ. മലയാള സിനിമ കിതയ്ക്കുന്നിടത്ത് ഇതര ഭാഷ സിനിമകള്‍ പണം വാരി പോകുന്നതും ഇക്കാലയളവില്‍ കണ്ടു.
പുഷ്പ തുടങ്ങി വച്ചത് ആര്‍ആര്‍ആര്‍, കെജിഎഫ് ടു, വിക്രം എന്നീ സിനിമകള്‍ ഏറ്റെടുത്തു.നെഗറ്റീവ് റിപ്പോര്‍ട്ട് വന്ന വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രവും കേരളത്തില്‍ നിന്നും കോടികളാണ് വാരിയത്. വലിയ ബാനറിലുള്ള ദൃശ്യവിസ്മയമാണ് ഈ സിനിമകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചതെന്നാണ് വിലയിരുത്തല്‍. കളക്ഷന്‍ നേടിയതെല്ലാം ആക്ഷന്‍ സിനിമകളും. മലയാള സിനിമ റിയലിസത്തില്‍ കറങ്ങി ആക്ഷന്‍ സിനിമകളെ നഷ്ടപ്പെടുത്തുന്നതാണ് പ്രേക്ഷകരെ അകറ്റുന്നതിന് പിന്നിലെന്നും വിമര്‍ശനമുയര്‍ന്നു. ഇതിനിടെയാണ് സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യവും ഉയര്‍ന്നത്. നിലവില്‍ ഒരു സിനിമയിലെ ആകെ മുതല്‍മുടക്കില്‍ ഒരു വലിയ ശതമാനം പോകുന്നത് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലമായാണ്. തമിഴും തെലുങ്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സിനിമ താരതമ്യേന ചെറിയൊരു വിപണിയാണ്. അതുകൊണ്ട് തന്നെ ഇവിടെ വിപണിയില്‍ നിന്ന് തിരിച്ചു പിടിക്കാവുന്ന പണത്തിനും പരിമിതിയുണ്ട്.
ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ പടത്തിന്റെ ബജറ്റ് കണക്കാക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിക്കഴിഞ്ഞാല്‍ ബജറ്റ് ചുരുങ്ങും. പിന്നീട് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത്, സ്വാഭാവികമായും സിനിമാ നിര്‍മാണത്തിലാകും. ഇതോടെ മികച്ച ദൃശ്യഭാഷ സൃഷ്ടിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. മാത്രമല്ല സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കൂട്ടിയാല്‍ ഇന്‍ഡസ്ട്രി ഒന്നടങ്കം പ്രതിഫലം കൂട്ടുന്നതാണ് പ്രതിഭാസമെന്ന് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. ടെക്‌നീഷ്യന്മാടക്കമുള്ളവര്‍ പ്രതിഫലം കൂട്ടുന്നതോടെ സിനിമയുടെ ബജറ്റ് പിടിച്ചാല്‍ കിട്ടാത്ത നിലവാരത്തിലേക്കാണ് ഉയരുന്നത്. നിലവില്‍ താരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം നിര്‍മാതാക്കള്‍ കൂടിയാണ്. ഇവരുടെ ഭൂരിഭാഗം പടങ്ങള്‍ നിര്‍മിക്കുന്നതും ഇവരുടെ ബാനറുകള്‍ തന്നെ. പ്രതിഫലം നല്‍കാന്‍ തയ്യാറുള്ളവര്‍ വരുന്നതിനാല്‍ വാങ്ങി അഭിനയിക്കുന്നുവെന്നാണ് താരങ്ങളുടെ മറുപടിയെന്ന് നിര്‍മാതാക്കള്‍. എന്നാല്‍ തങ്ങള്‍ മാത്രം നിലനിന്നാല്‍ മതിയെന്ന ഇവരുടെ മനോഭാവം സിനിമയെന്ന വ്യവസായത്തെ നശിപ്പിക്കുന്നതെന്ന് ജി.സുരേഷ് കുമാര്‍ പറയുന്നു.
തീയറ്റര്‍ വ്യവസായം നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയാണ് ഒടിടി. കൊവിഡ് കാലത്ത് മൊബൈല്‍ സ്‌ക്രീനില്‍ ചിത്രം കണ്ട് ശീലിച്ചവര്‍ മഹാമാരിയുടെ ഭീതി ഒഴിഞ്ഞതിന് ശേഷവും തീയറ്ററുകളിലേക്ക് എത്താന്‍ മടിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മുതല്‍ ശീലങ്ങള്‍ വരെ ഇതിന് പിന്നിലുണ്ട്. ഉദാഹരണത്തിന് നാല് പേരടങ്ങുന്ന ഒരു കുടുംബം വാരാന്ത്യത്തില്‍ നഗരത്തിലെ ഒരു മാളില്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ തീരുമാനിക്കുന്നു. നാല് പേരുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ ഫീസായി ഏതാണ്ട് ഒരു ടിക്കറ്റിന്റെ പണം കൂടി നല്‍കേണ്ടി വരും. ഇതോടെ ടിക്കറ്റ് നിരക്ക് മാത്രം ആയിരം രൂപയുടെ അടുത്താകും. വീട്ടില്‍ നിന്ന് തീയറ്ററിലേക്ക് വന്ന് പോകാനുള്ള ചെലവും സ്‌നാക്‌സിന്റെ നിരക്കും കൂട്ടുമ്പോള്‍ ഒരു കുടുംബത്തിന് സിനിമ കാണാനുള്ള ചെലവ് 1,500 രൂപ. കൊവിഡ് പ്രതിസന്ധി വലയ്ക്കുന്ന കാലത്ത് എത്ര പേര്‍ ഇതിന് തയ്യാറാകുമെന്നാണ് ചോദ്യം. സ്വാഭാവികമായും സിനിമ റിലീസ് ചെയ്ത് വൈകാതെ എത്തുന്ന ഒടിടിയ്ക്കായി അവര്‍ കാത്തിരിക്കും.
അതുപോലെ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഇത്രയും ഉയര്‍ന്നതിന് പിന്നില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. 18% ജിഎസ്ടിയായും 8.5% വിനോദ നികുതിയായും ടിക്കറ്റിന് നല്‍കണം. ഇതിന് പുറമേ 3 രൂപ ക്ഷേമനിധി കൂടി ചേരുമ്പോള്‍ 100 രൂപയുടെ ടിക്കറ്റിന് തീയറ്ററുകാര്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്നത് 29.50 രൂപ. തീയറ്ററുകളില്‍ കൂട്ടത്തോടെ ആളെത്തിയിരുന്ന കാലത്ത് ലക്ഷക്കണക്കിന് രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടിയിരുന്നത്. കാലം മാറിയതോടെ ഇത് നഷ്ടപ്പെട്ട സ്ഥിതിയാണ്. സംഗതി ഇങ്ങനയൊക്കെയാണ് എങ്കിലും ഇതിലൊന്നും ഇടപെടാതെ മാറി നിന്ന് കളി കാണുകയാണ് സര്‍ക്കാരും. സിനിമ എന്നും സര്‍ക്കാരിന് പൊന്മുട്ട ഇടുന്ന താറാവാണ്. പക്ഷെ സിനിമയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടി ഇറങ്ങിയില്ല എങ്കില്‍ ഭീകരമായ അപകടമാണ് കാത്തിരിക്കുന്നത്.