എകെജി സെന്ററില്‍ പടക്കം പോലുള്ള വസ്തു പൊട്ടിയിട്ട് പത്താം ദിവസം ; ഇരുട്ടില്‍ തപ്പി പൊലീസ്

ആക്രമണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താനാവാതെ കേരളാ പൊലീസ്. എകെജി സെന്ററിലേക്ക് മോട്ടോര്‍ ബൈക്കിലെത്തിയ ആള്‍ സ്‌ഫോടക വസ്തു എറിഞ്ഞിട്ട് പത്ത് ദിവസം കഴിഞ്ഞു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ സിഡിറ്റിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. അവസാനം നാണക്കേട് കാരണം സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ അയാളെ വിടുകയായിരുന്നു.

സ്റ്റീല്‍ ബോംബ് ആണ് എറിഞ്ഞത് എന്ന സിപിഎം നേതാക്കളുടെ ആരോപണം സ്‌ഫോടക വസ്തു മാരക പ്രഹര ശേഷിയുള്ളതല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് ഉറപ്പിച്ച് പറഞ്ഞ ഇ.പി.ജയരാജനടക്കമുള്ള നേതാക്കള്‍ നിലപാട് പിന്നീട് മയപ്പെടുത്തി. അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ജൂണ്‍ മുപ്പതിന് രാത്രി 11.45-ഓട് കൂടിയാണ് മോട്ടോര്‍ ബൈക്കില്‍ തനിച്ചെത്തിയ ആള്‍ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. രണ്ടു ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം തലകുത്തി നിന്ന് അന്വേഷിച്ചിട്ടും കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി ദുരൂഹതകള്‍ ഉയര്‍ത്തി കാണാമറയത്ത് തുടരുന്നു. സിഡാക്കിന്റെ ദൃശ്യ പരിശോധനാ ഫലത്തില്‍ മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ. സംസ്ഥാന ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ ആസ്ഥാനം ആക്രമിച്ച ആളെ കണ്ടെത്താനാവാത്തത് പൊലീസിനും സര്‍ക്കാരിനും നാണക്കേടാവുകയാണ്.