ശ്രീലങ്ക ; പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി ജനം
സാമ്പത്തിക പ്രതിസന്ധ അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ കൂട്ടമായി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറി. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വീട്ടിലെ സ്വിമ്മിംഗ് പൂല്‍ും മറ്റും കുളിച്ച് ഉല്ലസിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രതിഷേധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊളംബോയിലെ പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് കണ്ണീര്‍ വാതകം തുടര്‍ച്ചയായി പ്രയോഗിക്കുകയും വായുവില്‍ വെടിവയ്ക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം തലസ്ഥാനമായ കൊളംബോയ്‌ക്കൊപ്പം പശ്ചിമ പ്രവിശ്യയിലെ ഏഴ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നെഗോംബോ, കെലാനിയ, നുഗെഗോഡ, മൗണ്ട് ലാവിനിയ, നോര്‍ത്ത് കൊളംബോ, സൗത്ത് കൊളംബോ, കൊളംബോ സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നേരത്തെ ശ്രീലങ്കയിലെ ബാര്‍ അസോസിയേഷനുകള്‍, മനുഷ്യാവകാശ ഗ്രൂപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ശ്രീലങ്ക. ഇതേച്ചൊല്ലിയുള്ള ഏറ്റവും ഒടുവിലത്തെ പ്രതിഷേധത്തിനാണ് ശനിയാഴ്ച ലങ്ക സാക്ഷ്യംവഹിച്ചത്. ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് അതിരൂക്ഷമാണ്. തലസ്ഥാനമായ കൊളംബോയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇരച്ചെത്തിയത്. പ്രക്ഷാഭത്തിനു പിന്നാലെ, മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോട്ടബയ പ്രസിഡന്റായി തുടരുകയായിരുന്നു.