കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുവാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്

ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മുഖ്യമായും കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ആയിരിക്കും ഈ അഭയാര്‍ത്ഥി പ്രവാഹം എന്നും പറയപ്പെടുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും ധാരാളം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേയ്ക്ക് പ്രവഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവര്‍ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപനം. സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു എന്നുമാണ് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ വസതി വിട്ടോടി. നാലേക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പ്രെസിഡെന്റ്‌സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അതിനുമുകളില്‍ ദേശീയ പതാക ഉയര്‍ത്തി.

പൗരാവകാശ സംഘടനകളും യുവജന വിദ്യാര്‍ത്ഥി സംഘടനകളും ഇന്ന് കൊളംബോയില്‍ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തില്‍ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദിവസങ്ങളായി ജനങ്ങള്‍ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാര്‍ എത്തുന്നത് തടയാന്‍ പൊതുഗതാഗത സര്‍വീസുകളില്‍ ചിലത് നിര്‍ത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകര്‍ ഗോത്തബയ രജപക്‌സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. സൈന്യം റബര്‍ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാന്‍ ശ്രമിച്ചത് വിഫലമായി. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ചിലയിടങ്ങളില്‍ സൈന്യവും പോലീസും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ഗേറ്റും വാതിലും തകര്‍ത്ത സമരക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കയറി. പിന്നെ ലോകം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. പ്രസിന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തല്‍ കുളത്തിലും മുറികളിലും അടുക്കളയിലും വരെ ജനങ്ങള്‍ തോന്നിയതൊക്കെ ചെയ്തു കൂട്ടി.

സമരക്കാര്‍ എത്തുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ അംഗരക്ഷകരുടെ കാവലില്‍ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കന്‍ നാവിക സേനയുടെ ഒരു കപ്പല്‍ ചില ബാഗുകള്‍ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരാണ് ഈ കപ്പലില്‍ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലില്‍ ആണ് ഗോത്തബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതിനിടെ ജനങ്ങള്‍ അവരുടെ ശക്തി തെളിയിച്ചെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. നേതൃപദവി ഏറ്റെടുക്കാന്‍ ഇല്ലെന്ന് ജയസൂര്യ ട്വന്റിഫോറിനോട് പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റിന് രാജിവയ്ക്കാതെ വേറെയൊരു വഴിയുമില്ല. പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രാജ്യം ഇതുപോലെ ഒന്നിക്കുന്നത് തന്റെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.