വിശപ്പ് മാറ്റാന്‍ ആറംഗ ആദിവാസികുടുംബം ചക്ക കഴിച്ച സംഭവം ; പൊരുത്തമില്ലാതെ മന്ത്രിമാരുടെ വിശദീകരണങ്ങള്‍
എരുമേലി : വിശപ്പ് മാറ്റാന്‍ ആറംഗ ആദിവാസികുടുംബം പച്ച ചക്ക കഴിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികള്‍ വായിച്ചത്. റേഷന്‍ അരി തീര്‍ന്നതിനെ തുടര്‍ന്ന് 2 വയസുള്ള കുഞ്ഞു അടക്കമുള്ള കുടുംബമാണ് പച്ച ചക്ക കഴിച്ചു ജീവന്‍ നിലനിര്‍ത്തി പോന്നിരുന്നത്. ളാഹ മഞ്ഞത്തോടുള്ള ആദിവാസി സഹോദരങ്ങള്‍ ഭക്ഷ്യധാന്യമില്ലാതെ ചക്ക കഴിക്കുന്നുവെന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ഇടപെടലില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ഇവരുടെ വീട്ടിലെത്തിച്ചുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. എന്നാല്‍, ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന വാദവുമായി പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-മന്ത്രി കെ രാധാകൃഷ്ണനും രംഗത്ത് വന്നു. ഇരുമന്ത്രിമാരും പരസ്പര വിരുദ്ധമായ പ്രതികരണമാണ് വിഷയത്തില്‍ നടത്തിയത്. ഇതിനിടെ, മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ മനോരമ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടു. ഉടനെ തന്നെ ജില്ല സപ്ലൈ ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രദേശത്ത് എത്തിച്ചേര്‍ന്ന് അവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഈ കുടുംബങ്ങള്‍ക്ക് നല്‍കി. അന്വേഷണത്തില്‍ തങ്ക കേശവന്‍, തങ്കമണി എന്നിവര്‍ക്ക് റേഷന്‍ കാര്‍ഡുണ്ട് (No:131*******8,131******7) ഈ കാര്‍ഡുകളിലെ റേഷന്‍ വിഹിതം ജൂണ്‍ 21 ന് കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ഈ കുടുംബം ഒരാഴ്ചയോളം റാന്നി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഈ സമയത്ത് ഊരില്‍ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷന്‍ സാധനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു എന്ന് ബോധ്യപ്പെട്ടു. ഓരോ കുടുംബത്തിനും ഇന്ന് 41 കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട് എന്നാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വെള്ളിയാഴ്ച അറിയിച്ചത്.
എന്നാല്‍ പ്രസ്തുത കുടുംബത്തില്‍ 60 കിലോ ധാന്യങ്ങള്‍ കരുതല്‍ ഉണ്ടായിരുന്നു എന്നാണ് മന്ത്രി കെ രാധാകൃഷ്ണന്‍ അവകാശപ്പെടുന്നത്. പത്തനംതിട്ട ജില്ലാ ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തുകയുണ്ടായി. ജില്ലയില്‍ ളാഹയ്ക്കടുത്തുള്ള വനമേഖലകളില്‍ താമസിക്കുന്നവരാണ് ഈ ആറ് പേരും. ഇവിടെ 261 പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ 107 കുടുംബക്കാര്‍ വനവിഭവ ശേഖരണാര്‍ത്ഥം അടിക്കടി വാസസ്ഥലങ്ങള്‍ മാറുന്ന ശീലം ഇപ്പോഴും ഉള്ളവരാണ്. ഉദ്യോഗസ്ഥ സംഘം വാര്‍ത്തയില്‍ ഉണ്ടായിരുന്ന വ്യക്തികളുടെ വീടും സന്ദര്‍ശിച്ചു അവരുടെ അവസ്ഥ വിലയിരുത്തി. ഈ സ്ഥലത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങള്‍ കൃത്യമായി എത്തിച്ചേരുന്നുണ്ട് എന്നാണ് മന്ത്രി പറയുന്നത്.
ഭക്ഷണമില്ലാത്തതിനാലാണ് അവര്‍ വഴിയരികില്‍ ഇരുന്ന് ചക്ക കഴിച്ചത് എന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ ഒരു പ്രദേശത്തും ആദിവാസി ജനസമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തയെ തുടര്‍ന്ന് ബഹു.മന്ത്രിമാരായ ശ്രീമതി. വീണ ജോര്‍ജ് , ശ്രീ.ജി.ആര്‍ അനില്‍ , റാന്നി എം.എല്‍.എ ശ്രീ. പ്രമോദ് നാരായണന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവരുമായി സംസാരിച്ചു. പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീരിച്ചുവരികയാണ്. ഈ ജനവിഭാഗത്തിന് പിന്തുണ നല്‍കേണ്ടത് പൊതു സമൂഹമാണെന്നിരിക്കെ, ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.