തായ്ലാന്‍ഡില്‍ ടൂര്‍ പോയത് ഭാര്യ അറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി ; യുവാവ് അറസ്റ്റില്‍
ഭാര്യയുടെ മുന്നില്‍ നല്ലപിള്ള ചമയാന്‍ യുവാവ് കാണിച്ച അതിബുദ്ധി അവസാനം പാരയായി. പൂനെ സ്വദേശിയായ സാംദര്‍ശി യാദവിനെ (32) ആണ് പൊലീസ് പിടിയിലായത്. പാസ്പോര്‍ട്ടിലെ പത്ത് പേജുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് യുവാവിനെ സഹര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാദവിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടയുകയായിരുന്നു. ഹാജരാക്കിയ പാസ്പോര്‍ട്ടില്‍നിന്ന് ഏതാനും പേജുകള്‍ കാണാനില്ല എന്നകാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ യുവാവിനെ തടഞ്ഞത്. തുടര്‍ന്നാണ് പാസ്പോര്‍ട്ടില്‍നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞതാണെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഇതോടെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
2019 ല്‍ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്പോര്‍ട്ടില്‍നിന്ന് കീറിക്കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2019 ലാണ് ഇയാള്‍ വിവാഹിതനായത്. അതിന് മുമ്പ് തായ്ലാന്‍ഡിലേക്ക് യാത്രചെയ്തിരുന്നു. തായ്ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പൊലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്പോര്‍ട്ട് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്ത് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. മൂന്നു മുതല്‍ ആറു വരെയുള്ള പേജുകളും 31, 34 പേജുകളുമാണ് ഇയാള്‍ കീറി മാറ്റിയത്.