പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ കാണാനില്ല

തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ കാണാനില്ല. തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയതിന് ശേഷമാണ് കിരണിനെ കാണാതായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. സംഭവത്തിന് ശേഷം കടലില്‍ ഒരു യുവാവ് വീണുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ തുടങ്ങി. തട്ടികൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒളിവിലാണ്. ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട വിഴിഞ്ഞം ആഴിമലയിലെ പെണ്‍കുട്ടിയെ കാണാനാണ് ഇന്നലെ ഉച്ചയോടെ കിരണ്‍ മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്.

പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. കാര്‍ ആഴിമലയിലെത്തിയപ്പോള്‍ കിരണ്‍ ഉണ്ടായിരുന്നില്ല. ബൈക്കില്‍ നിന്നും ഇറങ്ങിയോടിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞതായി കിരണിനൊപ്പമുണ്ടായിരുന്ന മെല്‍വിന്‍ പറയുന്നു.കിരണിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഉച്ചക്കുശേഷം ഒരാള്‍ കടലില്‍ വീണുവെന്ന വിവരം ലഭിച്ച വിഴിഞ്ഞം പൊലീസ് കോസ്റ്റ് ഗഡിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയിരുന്നു.

രാത്രിയില്‍ കിരണിനെ കാണാതായെന്ന പരാതി ബന്ധുക്കള്‍ പൊലീസിന് നല്‍കി. തുടര്‍ന്നുള്ള പരിശോധനയിലാണ് സുഹൃത്തുക്കള്‍ വിവരങ്ങള്‍ പറയുന്നത്. കടലില്‍ നിന്നും ലഭിച്ച ചെരുപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കിരണിനെയും സുഹൃത്തുക്കളെ വാഹനത്തില്‍ കയറ്റികൊണ്ടുപോയതവര്‍ ഒളിവിലാണ്. വാഹനങ്ങള്‍ വിഴിഞ്ഞം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.