മൂന്നര വര്‍ഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ല ; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നു
ഏറെ വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പോലീസ് അന്വേഷണം മതിയാക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നും പോലീസിന്റെ പക്കലില്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ തീ പിടിച്ചത്.
സംഭവത്തില്‍ ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിരുന്ന മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീയിട്ടവര്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ തച്ചങ്കരി അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് അന്വേഷിച്ചത്. കേസ് ആദ്യം സിറ്റി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിട്ടില്ല.
ശബരിമലയിലെ യുവതി പ്രവേശന വിധിയില്‍ സന്ദീപാനന്ദഗിരി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ പ്രതികളെ കുറിച്ച് ഇതുവരെയും ഒരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസിനെ സംശയിച്ച് സന്ദീപാനന്ദ ഗിരി രംഗത്തെത്തി. പൊലീസ് തെളിവു നശിപ്പിച്ചെന്നു സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. അന്വേഷണം അവസാനിപ്പിക്കുന്നതു ഖേദകരമാണ്. പൊലീസില്‍ സംഘപരിവാര്‍ ബന്ധമുള്ളവരുണ്ടെന്നും ആശ്രമത്തിന് തീയിട്ടത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു. അന്വേഷണം തുടങ്ങിയിട്ട് 3 വര്‍ഷവും 8 മാസവുമായിട്ടും അവ്യക്തത തുടരുകയാണ്. അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. ഏതാനും ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച് തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ കേസ് അവസാനിപ്പിക്കാനാണു തീരുമാനം. ആദ്യഘട്ട അന്വേഷണം തെറ്റിയെന്നാണു വിലയിരുത്തല്‍.