അണ്ണാ ഡിഎംകെയില്‍ അധികാര പോര് ;  പാര്‍ട്ടി പിടിച്ചെടുത്ത് പളനിസ്വാമി , പനീര്‍ശെല്‍വം പുറത്ത്

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ പാര്‍ട്ടി പിടിച്ചെടുത്തു എടപ്പാടി പളനിസ്വാമി. പാര്‍ട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെ പുറത്താക്കി. ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടിയുണ്ടായത്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍. 2500 പേര്‍ വരുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസ്സിനെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ പാര്‍ട്ടി കോഓര്‍ഡിനേറ്ററായി പനീര്‍ശെല്‍വവും ജോയിന്റ് കോഓര്‍ഡിനേറ്ററായി പളനിസ്വാമിയും തുടര്‍ന്നുവരികയായിരുന്നു. പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നില്ല.

ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ നിയന്ത്രണം പളനിസ്വാമി പിടിച്ചെടുത്തത്. ജനറല്‍ കൗണ്‍സിലിലെ ആധിപത്യത്തിന്റെ പിന്‍ബലത്തില്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി കൊണ്ടുവന്ന ഇരട്ട നേതൃത്വം എടപ്പാടി വിഭാഗം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത്, ഇരട്ടനേതൃത്വം ഒഴിവാക്കി. പളനിസ്വാമിയെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു, ഒപിഎസിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ ഒപിഎസിനെ പുറത്താക്കണമെന്ന് കെ.പി.മുനുസ്വാമി അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് ആലോചിക്കാമെന്നായിരുന്നു ഈ ഘട്ടത്തിലെ തീരുമാനം.

എന്നാല്‍ ഉച്ചയ്ക്ക് ശേഷം നിര്‍ണായക തീരുമാനം എത്തി. ഒപിഎസിനെ അണ്ണാ ഡിഎംകെയില്‍ നിന്ന് തന്നെ പുറത്താക്കി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്‍പ്പെടെ പനീര്‍ശെല്‍വത്തെ നീക്കും. ഒപിഎസിനൊപ്പം, അദ്ദേഹത്തിന്റെ വിശ്വസ്തരായ പി.എച്ച്.മനോജ് പാണ്ഡ്യന്‍, ജെ.സി.ടി.പ്രഭാകരന്‍, ആര്‍.വൈദ്യലിംഗം എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ഒപിഎസ് വഹിച്ചിക്കുന്ന പാര്‍ട്ടി ട്രഷറര്‍ സ്ഥാനം ദിണ്ടിക്കല്‍ ശ്രീനിവാസന് കൈമാറിയിട്ടുണ്ട്. പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പദവിക്ക് ഒപ്പമായിരുന്നു ട്രഷറര്‍ സ്ഥാനവും പനീര്‍ശെല്‍വം കൈകാര്യം ചെയ്തിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, അണ്ണാ ഡിഎംകെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.