ഗുജറാത്തില്‍ വ്യാജ ഐപിഎല്‍ നടത്തി റഷ്യക്കാരെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങള്‍

എന്തൊക്കെ തരത്തിലുള്ള തട്ടിപ്പുകളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. പല തട്ടിപ്പുകളും പുറത്തു വരുമ്പോള്‍ ആണ് ഇങ്ങനെയൊക്കെ തട്ടിപ്പ് നടത്താമല്ലേ എന്ന് ലോകത്തിനു തന്നെ മനസിലാകുന്നത്. അത്തരത്തില്‍ ഒരു വ്യത്യസ്തമായ തട്ടിപ്പ് കഥയാണ് ഇവിടെ. ഗുജറാത്തില്‍ വ്യാജ ഐപിഎല്‍ ടൂര്‍ണമെന്റ്. ഐപിഎല്‍ എന്ന പേരില്‍ രണ്ടാഴ്ച ടൂര്‍ണമെന്റ് നടത്തി വാതുവെപ്പിലൂടെ ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം സംഘം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറംലോകത്തറിഞ്ഞത്.
ഗുജറാത്തിലെ മെഹസാന ജില്ലയില്‍ മൊളിപുര്‍ ഗ്രാമത്തിലാണ് ഈ ഹൈടെക്ക് തട്ടിപ്പ് നടന്നത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളുടെ ജഴ്‌സിയണിഞ്ഞ ചില യുവാക്കളാണ് വ്യാജ ഐപിഎലില്‍ കളിച്ചത്.

400 രൂപ ദിവസക്കൂലിക്ക് ഇവരെ സംഘാടകര്‍ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. അമ്പയര്‍മാരും വ്യാജ വോക്കി ടോക്കികളും ഹര്‍ഷ ഭോഗ്ലെയെ അനുകരിക്കുന്ന കമന്റേറ്ററും ടൂര്‍ണമെന്റിലുണ്ടായിരുന്നു. നാലഞ്ച് ക്യാമറകള്‍ കൊണ്ട് മത്സരങ്ങള്‍ ഷൂട്ട് ചെയ്ത് അവ യൂട്യൂബില്‍ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ക്രൗഡ്- നോയ്‌സ് സൗണ്ട് ഇഫക്റ്റുകള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു പേര്. ഐപിഎല്‍ എന്ന വ്യാജേന വാതുവെപ്പ് ആരംഭിച്ച ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. റഷ്യക്കാരാണ് കൂടുതലും തട്ടിപ്പിനിരയായത്. മത്സരങ്ങള്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ സംഘാടകര്‍ പൊലീസ് പിടിയിലാവുകയായിരുന്നു. ടെലിഗ്രാം ആപ്പ് വഴിയാണ് സംഘം വാതുവെപ്പ് നടത്തിയിരുന്നത്.