സംഗീത പരിപാടിക്കെത്തിയ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ ചിത്രം വൈറലായി

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മറിന്‍ ആണ് ആകര്‍ഷകമായ കൂള്‍ ഔട്ട്ഫിറ്റില്‍ റോക്ക് സംഗീത പരിപാടിക്കെത്തി ഏവരെയും ഞെട്ടിച്ചത്. തുര്‍ക്കുവില്‍ നടന്ന റോക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഡെനിം ഷോര്‍ട്ട്സും ടീഷര്‍ട്ടും ജാക്കറ്റുമണിഞ്ഞാണ് പ്രധാനമന്ത്രിയെത്തിയത്. നേതാക്കളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള സകല വാര്‍പ്പുമാതൃകകളേയും തകര്‍ത്തുകൊണ്ട് റോക്ക് വൈബില്‍ പ്രധാനമന്ത്രി എത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് ഇപ്പോള്‍. 2019ലാണ് 36കാരിയായ സന്ന മറിന്‍ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവു പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും സന്ന മറിനുണ്ട്. വ്ലാദിമിര്‍ പുടിന്റെ എതിര്‍പ്പ് പ്രതിരോധിച്ച് നാറ്റോ സഖ്യത്തില്‍ ചേരാനുള്ള സന്ന മറിന്റെ തീരുമാനങ്ങള്‍ അടുത്ത കാലത്ത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

ഒരു പ്രധാനമന്ത്രിക്ക് ഏത് ലെവല്‍ വരെ കൂളാകാമെന്നാണ് സന്ന മറിന്‍ കാട്ടിത്തരുന്നതെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. സന്ന മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ നേതാക്കളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമെല്ലാം സ്റ്റൈലിഷ് വേഷത്തിന്റെ കാര്യത്തില്‍ സന്നയോട് പിടിച്ചുനില്‍ക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നേതാക്കളുടെ വേഷമോ ഫാഷന്‍ സെന്‍സോ അല്ല മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളും ഭരണരീതിയുമാണ് വിലയിരുത്തപ്പെടേണ്ടതെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു.

 

 

View this post on Instagram

 

A post shared by Ruisrock (@ruisrock)