ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ ; ഞെട്ടലില്‍ സര്‍ക്കാര്‍ ; മുഖം രക്ഷിക്കാന്‍ നെട്ടോട്ടം

മൂക്കൻ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് മലയാള സമൂഹം കേട്ടത്. സര്‍ക്കാരിനെയും പോലീസിനെയും പ്രതികൂട്ടില്‍ നിര്‍ത്തിയ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. സ്വര്‍ണക്കേസും മകളുടെ കമ്പനിക്കേസും അടക്കം മുഖ്യമന്ത്രിയും സര്‍ക്കാരും ഒന്നിന് പിറകെ ഒന്നായി ഓരോ വിവാദങ്ങളില്‍ പെട്ടിരിക്കുന്ന സമയത്ത് തന്നെ ഇത്രയും വലിയൊരു ബോംബ് കൂടി സര്‍ക്കാരിന് മുകളില്‍ വീണത് നാണക്കേടിന്റെ ആഴം കൂട്ടുന്നതാണ്. നടിക്ക് നീതി വാങ്ങിക്കൊടുക്കുന്നതിലുപരി ദിലീപിനെ എങ്ങനെയും കുടുക്കുക എന്ന നിലപാടാണ് സര്‍ക്കാരിന് ഉണ്ടായിരുന്നത് എന്ന് മുന്‍ ജയില്‍ ഡിജിപിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് അഭിനവ ബുദ്ധിജീവികള്‍ ഇപ്പോള്‍. ശ്രീലേഖക്ക് എതിരെ ഒന്നിന് പിറകെ ഒന്നായി പ്രസ്താവനകള്‍ ഇറക്കി അവരുടെ പ്രസ്താവനകള്‍ ജനങ്ങളില്‍ എത്തിക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ചാനലുകള്‍ ഓണ്‍ലൈന്‍ മീഡിയാകള്‍ എല്ലാത്തിലും ഇപ്പോള്‍ ശ്രീലേഖക്കും ദിലീപിനും എതിരെയുള്ള പോസ്റ്റുകള്‍ കുന്നുകൂടുകയാണ്. മിക്ക പോസ്റ്റുകളും പോലീസിനെ ന്യായീകരിച്ചും പള്‍സര്‍ സുനിയെ പറ്റി ഒരുവാക്ക് പോലും മിണ്ടാതെയുമാണ് വരുന്നത് എന്നത് തന്നെ ഈ പോസ്റ്റുകള്‍ക്ക് പിന്നിലും ഒരു ബുദ്ധി കേന്ദ്രം ഉണ്ട് എന്ന സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. സി പി എം സൈബര്‍ ടീമും ഇപ്പോള്‍ രംഗത്ത് ഇറങ്ങി കഴിഞ്ഞു.

എന്നാല്‍ ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന ഒരു ചിന്ത ഇപ്പോള്‍ ശക്തമായി എതിര്‍ക്കുന്നവരുടെ മനസ്സില്‍ പോലും തോന്നി തുടങ്ങി എന്നതും ഒരു സത്യമാണ്. അതിജീവതയുടെ കുടുംബം വക്കീല്‍ സുഹൃത്തുക്കള്‍ ഏവരുടെയും ഏറ്റവും വലിയ ആവശ്യം ദിലീപ് ഉള്ളില്‍ ആകണം എന്ന് മാത്രമാണ് എന്ന് അവരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ വ്യക്തമാകുന്നു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെയും കൂട്ട് പ്രതികളെയും പറ്റി ഒന്നും പറയാത്ത അവരുടെയെല്ലാം ഏക ആവശ്യം ദിലീപ് എന്ന വ്യക്തിയുടെ നാശം മാത്രമാണ്. നടിക്ക് നീതി കിട്ടണം എങ്കില്‍ ദിലീപ് ജയിലില്‍ ആകണം എന്ന പിടിവാശി അവരുടെ വാക്കുകളില്‍ വ്യക്തം. ബാലചന്ദ്ര കുമാര്‍ എന്ന വ്യക്തി ദിലീപിനെ പറ്റി വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചു കേസ് എടുത്ത പോലീസ് തങ്ങളുടെ സേനയില്‍ തന്നെ ഉണ്ടായിരുന്ന ഒരാളുടെ വെളിപ്പെടുത്തകള്‍ വന്നപ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ ഉള്ള ചിന്തയിലാണ് എന്നാണ് വിവരങ്ങള്‍.

ശ്രീലേഖ പറഞ്ഞതൊക്കെ സത്യമാണ് എങ്കില്‍ ആര്‍ക്കാണ് ദിലീപിനെ ഇല്ലാതാക്കാന്‍ ഇത്രയും ഉത്സാഹം. സര്‍ക്കാരില്‍ നല്ല പിടിപാടുള്ള കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു ലോബിയാണ് ദിലീപിനെതിരെ കളിക്കുന്നത് എന്ന കരക്കമ്പി ഇപ്പോള്‍ ശക്തമാണ്. അവരുടെ വാക്ക് കേട്ട് കേരളാ പോലീസ് എന്തിനാണ് ഇത്രയും നാടകം കളിക്കുന്നത്. സര്‍ക്കാരിന് ഇതുകൊണ്ട് എന്ത് നേട്ടം. ഇങ്ങനെയുള്ള ധാരാളം ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം വെളിപ്പെടുത്തലുകളില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും പറയേണ്ടതെല്ലാം യൂട്യൂബ് വീഡിയോയില്‍ പറഞ്ഞിട്ടുണ്ടെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

കേസില്‍ ശ്രീലേഖയുടെ മൊഴിയെടുക്കും. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയതുപൊലെ എഴുതി ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ”പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണ്. തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞത്”- ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍.

”സാക്ഷികള്‍ കുറുമാറാന്‍ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പള്‍സര്‍ സുനില്‍ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു” എന്നും ശ്രീലേഖ പറയുന്നു. ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചത് പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷന്‍ എന്നതും തെളിവായി കാണാന്‍ ആകില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.