രാഷ്ട്രീയക്കാരുടെ ആയുസ് കൂടാന്‍ കാരണം എന്താണ് ? പഠനം പറയുന്നത്

പൊതുപ്രവര്‍ത്തകര്‍ അഥവാ രാഷ്ട്രീയക്കാര്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളേക്കാള്‍ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള 11 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ആസ്ട്രേലിയ, ഓസ്ട്രിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ഡലന്‍സ്, ന്യൂസിലാന്‍ഡ്, സ്വിറ്റസര്‍ലന്റ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഇതിന് മുന്‍പ് ആരോഗ്യ അസമത്വത്തിന്റെ കാര്യത്തില്‍ സ്വീഡന്‍, നെതര്‍ലന്‍സ് എന്നിവിടങ്ങളില്‍ പഠനം നടത്തിയിരുന്നു. രണ്ട് നൂറ്റാണ്ട് മുന്‍പുള്ള നേതാക്കളുടെ വിവരങ്ങളടക്കം ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു പഠനം.

57,000ത്തിലധികം രാഷ്ട്രീയ നേതാക്കളെയാണ് പഠനവിധേയമാക്കിയത്. ഓരോ നേതാവിന്റെയും രാജ്യം, ലിംഗം, പ്രായം എന്നിവ അവിടുത്തെ സാധാരണ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം. 45 വയസ്സിന് ശേഷം ഒരു നേതാവിന്റെ ആയുസ്സും പൊതുജനങ്ങളുടെ ആയുസ്സും തമ്മില്‍ പ്രത്യേക പഠനവും നടന്നു. ഒരാള്‍ ജനപ്രതിനിധിയായി മാറുന്ന ശരാശരി വയസ്സാണ് 45. മിക്കവാറും എല്ലാ രാജ്യങ്ങളിലും, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും രാഷ്ട്രീയക്കാര്‍ക്ക് സാധാരണ ജനങ്ങളുടേതിന് സമാനമായ ആയുര്‍ദൈര്‍ഘ്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍, 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി ആയപ്പോഴേയ്ക്കും നേതാക്കളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ മുന്നേറ്റമുണ്ടായി.

ശരാശരി ആയുര്‍ദൈര്‍ഘ്യം ഓരോ രാജ്യങ്ങള്‍ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് കാണാന്‍ സാധിച്ചത്. കൂടുതല്‍ രാജ്യങ്ങളിലും 45 വയസ്സില്‍ ഒരു രാഷ്ട്രീയ നേതാവിന് 40 വര്‍ഷം കൂടി ആയുസ്സ് ഉണ്ടായിരുന്നതായി കണ്ടെത്തി. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇത് 34.5 (അമേരിക്ക), 37.8 (ആസ്ട്രേലിയ) എന്നിങ്ങനെയാണ് കാണാന്‍ സാധിച്ചത്. അതായത്, 3-7 വര്‍ഷം അധികമാണ് രാഷ്ട്രീയ നേതാവിന്റെ ആയുസ്സ്. 20-ാം നൂറ്റാണ്ട് ആയപ്പോള്‍ രാഷ്ട്രീയ നേതാവിന്റെ ആയുര്‍ദൈര്‍ഘ്യം 14 വര്‍ഷങ്ങള്‍ കൂടി. അതേസമയം, പൊതുജനങ്ങളുടെ ആയുസ്സില്‍ 10 വര്‍ഷത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. 1980കളിലാണ് വരുമാനത്തിലുള്ള അസമത്വം വളരെയധികം വര്‍ദ്ധിച്ചത്.

എന്നാല്‍, ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ നേതാക്കളും ജനങ്ങളും തമ്മിലുള്ള അസമത്വം 1940കള്‍ മുതലേ പ്രകടമാണ്. 1950കളില്‍ പുകവലി വളരെയധികം പ്രചാരം നേടിയിരുന്നു. ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പല പരിപാടികളും സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് പുകവലി കുറഞ്ഞു വന്നു. ഇതിന്റെ പ്രതിഫലനം ഏറ്റവുമധികം ഉണ്ടായ ഒരു വിഭാഗമാണ് രാഷ്ട്രീയ നേതാക്കള്‍. സാധാരണ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.