തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ പ്രതി മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രതി മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭാഷ് എന്ന തടവുകാരനാണ് മരത്തിന് മുകളില്‍ കയറിയിരിക്കുന്നത്. മാനസികാസ്വാസ്ത്യമുള്ളയാളാണ് ഇയാളെന്നാണ് ജയില്‍ വാര്‍ഡന്‍ പറയുന്നത്. ഇയാളെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ ഫോഴ്‌സും ശ്രമം തുടരുകയാണ്. കൊവിഡ് കാലത്ത് പുറത്തിറങ്ങിയ തടവ് പുള്ളികള്‍ക്ക് ഒപ്പം ഇയാളുമുണ്ടായിരുന്നു. എന്നാല്‍ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. തുറന്ന ജയിലിലേക്കായിരുന്നു കൊണ്ട് വന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ഇയാളെ പിന്നീട് പൂജപ്പുരയിലേക്ക് മാറ്റുകയായിരുന്നു.

ജയിലിലെ ഉദ്യോഗസ്ഥരുടെ ഒപ്പം പോകുന്നതിനിടെ ഇന്ന് വൈകിട്ടോടെ ഓടി രക്ഷപ്പെട്ട് മരത്തിന് മുകളില്‍ കയറിയിരിക്കുകയാണ്. ജയില്‍ മോചനമാണ് ഇയാളാവശ്യപ്പെടുന്നത്. മാധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തെ കാണണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇയാള്‍ മരത്തിന് മുകളില്‍ തുടരുകയാണ്. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇപ്പോള്‍. ജയില്‍ പരിസരത്തു നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ ഒടിരക്ഷപെടുന്നത് കണ്ട ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ജയിലിനോട് ചേര്‍ന്നിരിക്കുന്ന സമൂഹ്യസുരക്ഷാ മിഷന്റെ ഷെല്‍റ്റര്‍ ഹോമിലേക്ക് ഇയാള്‍ ചാടി കയറി. ഉദ്യോഗസ്ഥര്‍ക്ക് പിടി കൊടുക്കാതിരിക്കാന്‍ മരത്തിന് മുകളില്‍ വലിഞ്ഞു കയറുകയുമായിരുന്നു.

ഒരു മണിക്കൂറിലേറയായി ജയില്‍ ഉദ്യോസ്ഥരും ഫയര്‍ഫോഴ്സും ഇയാളെ താഴെയിറക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഏതെങ്കിലും രീതിയില്‍ ഇയാളെ അനുനയിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാനം. മരത്തില്‍ നിന്ന് ഇറങ്ങില്ലെന്ന വാശി അയാള്‍ തുടരുകയാണ്. മരത്തില്‍ നിന്ന് ഏതെങ്കിലും സാഹചര്യത്തില്‍ വീഴാതിരിക്കുന്നതിനായി ഫയര്‍ഫോഴ്സ് വല വിരിച്ചിട്ടുണ്ട്. കൂടുതല്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.