ഡിയോ സ്‌കൂട്ടര്‍ ഉള്ള തലസ്ഥാനവാസികള്‍ സൂക്ഷിക്കുക ; പോലീസ് പിന്നാലെയുണ്ട്

കേരളാ പൊലീസിന് നാണക്കേട് സമ്മാനിച്ച എ കെ ജി സെന്റര്‍ പടക്കമേറു നടന്നിട്ടു പത്തു ദിവസത്തില്‍ ഏറെ ആയി കഴിഞ്ഞു. തലകുത്തി നിന്ന് അന്വേഷണം നടത്തുന്നു എന്ന് പറഞ്ഞിട്ടും കേസിന് ഒരു തുമ്പു പോലും ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കുഴഞ്ഞതോടെ അക്രമി എത്തിയ സ്‌കൂട്ടറിന്റെ പുറകെയാണ് പൊലീസിന്റെ അന്വേഷണം. അക്രമിയെത്തിയ ഹോണ്ട ഡിയോ സ്‌കൂട്ടറാണ് പൊലീസ് തിരയുന്നത്. അത്തരം മോഡല്‍ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

എന്നാല്‍ പോലീസിന്റെ ഈ അന്വേഷണ രീതി കാരണം ഹോണ്ട ഡിയോ സ്‌കൂട്ടര്‍ ഉള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി മടുക്കുകയാണ്. സ്‌കൂട്ടര്‍ ഉടമകളുടെ വിവരങ്ങള്‍ ആഴ്ചകളായി പൊലീസ് ശേഖരിക്കുന്നു. ഇവരെ ഫോണ്‍ വഴി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എകെജി സെന്റര്‍ അക്രമിച്ച ദിവസം എവിടെയായിരുന്നു എങ്ങോട്ട് പോയി തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്.

പലരും രണ്ടും മൂന്നും ദിവസം സ്റ്റേഷനില്‍ കയറിയിറങ്ങി മടുത്തു തുടങ്ങി. നിലവില്‍ ഇത്തരത്തില്‍ പൊലീസ് രണ്ടായിരത്തിലേറെ വാഹനങ്ങളാണ് പരിശോധിച്ചത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടും പൊലീസിന് പ്രതിയെക്കുറിച്ച് തുമ്പൊന്നും ലഭിക്കാതെ വന്നതോടെയാണ് സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് തിരിഞ്ഞത്.

ഇപ്പോള്‍ അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ സിഡിറ്റിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.