ഉഷ്ണതരംഗം ; ബ്രിട്ടനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യത

ബ്രിട്ടനില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനിലയില്‍ കാര്യമായ വ്യതിയാനങ്ങളില്ലെങ്കില്‍ ദേശീയ ഉഷ്ണതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യത്തെ ഉഷ്ണതരംഗ അടിയന്തരാവസ്ഥയായിരിക്കും അത്. റെക്കോര്‍ഡ് ഭേദിക്കുന്ന താപനില രാജ്യത്തെ ബാധിക്കുമെന്ന പ്രവചനത്തോടെ ‘ഗുരുതരമായ അസുഖമോ ജീവന് അപകടമോ’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) ‘ലെവല്‍ ഫോര്‍ എമര്‍ജന്‍സി’ സഹിതം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇത് രാജ്യത്തെ ജനങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

2019-ല്‍ സ്ഥാപിച്ച 101.6F (38.7C) എന്ന നിലവിലെ ഏറ്റവും ഉയര്‍ന്ന താപനിലയുടെ റെക്കോര്‍ഡ് തകര്‍ത്ത് 104F (40C) ന് മുകളിലുള്ള താപനിലയിലേക്ക് ചൂട് ഉയരാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ താപനില 104F (40C) ന് മുകളില്‍ എത്തിയാല്‍, അത് ലെവല്‍ ഫോര്‍ ഹീറ്റ് വേവിനുള്ള സാധ്യത കൂട്ടുന്നു. താപനില ഇത്തരത്തില്‍ തന്നെ തുടരുകയും ഉഷ്ണതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഭക്ഷണ വിതരണങ്ങള്‍ തടസ്സപ്പെടുക, റോഡുകളും ട്രെയിനുകളും തടസ്സപ്പെടുക, സ്‌കൂളുകള്‍ അടച്ചിടല്‍, ആണവ നിലയങ്ങള്‍ പ്രവര്‍ത്തന രഹിതമാകുക എന്നിങ്ങനെ പല കാര്യങ്ങളെയും ഇത് നേരിട്ട് ബാധിക്കും. ചൂട് കൂടിയതിനെ തുടര്‍ന്ന് നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ റിപ്പണിന് പുറത്ത് ഇന്നലെ ഒരു പാടം കത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

‘ഞായറാഴ്ച മുതല്‍ അസാധാരണമാം വിധം ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും’ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.ഉഷ്ണതരംഗം റോഡ്, റെയില്‍വേ, വിമാന ഗതാഗതങ്ങള്‍ക്ക് വലിയ തോതില്‍ തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം 999 എന്ന നമ്പറിലേക്ക് വിളിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ‘ജോലി രീതികളിലും ദിനചര്യകളിലും കാര്യമായ മാറ്റങ്ങള്‍ ആവശ്യമായി വരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറയുന്നു. സ്‌കൂളുകളുടെ സമയക്രമം പുതുക്കേണ്ടിവരുമെന്നും ചൂടു കൂടിയ സാഹചര്യങ്ങളില്‍ സ്‌പോര്‍ട്‌സ് പരിപാടികള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു.

ദേശീയ അടിയന്തരാവസ്ഥയ്ക്ക് താഴെയുള്ള ഘട്ടമായ ലെവല്‍ ത്രീ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് ഇതിനകം നല്‍കി കഴിഞ്ഞു. ആശുപത്രികളും കെയര്‍ ഹോമുകളും പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൂട് കൂടിയതിനെ തുടര്‍ന്ന് റോഡിലെ ടാറുകള്‍ ഉരുകുന്നത് തടയാനായി റോഡില്‍ ഗ്രെറ്ററുകള്‍ വിന്യസിക്കാന്‍ ഹാംഷെയര്‍ കൗണ്ടി കൗണ്‍സില്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താപനില ഉയരുമ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാരെ അനുവദിക്കണമെന്നും ജാക്കറ്റും ടൈയും ഒഴിവാക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചില കണ്‍സര്‍വേറ്റീവ് എംപിമാര്‍ ദേശീയ അടിയന്തരാവസ്ഥയുടെ ആവശ്യകതയെയും അത് കൊണ്ട് ഉണ്ടാവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെയും ചോദ്യം ചെയ്തു.