കോവിഡിന് ശേഷം ; ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള സഞ്ചാരികള്‍ ഇന്ത്യക്കാരെന്ന് പഠനം
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള സഞ്ചാരികള്‍ ഇന്ത്യക്കാരെന്ന് പഠന റിപ്പോര്‍ട്ട്. bookings.com എന്ന ഡിജിറ്റല്‍ ട്രാവല്‍ കമ്പനി നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. തങ്ങളുടെ ഇഷ്ടപ്പെട്ട ഇടങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ ഏറ്റവുമധികം താല്‍പ്പര്യം കാണിക്കുന്നത് ഇന്ത്യക്കാരാണെന്നാണ് പഠനം പറയുന്നത്. കോവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു വ്യക്തിയ്ക്ക് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലും യാത്രചെയ്യുന്നതിലുമൊക്കെ എത്രത്തോളം താല്‍പ്പര്യം ഉണ്ട് എന്നാണ് പഠനത്തില്‍ പ്രധാനമായും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നത്. യാത്ര ചെയ്യുന്നതിലുള്ള ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാരാണ് പട്ടികയുടെ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലെ സഞ്ചാരികളാണ് തൊട്ട് പിന്നിലുള്ളത്.
‘യാത്ര ചെയ്യാനും ലോകം കാണാനും ഇന്ത്യന്‍ യാത്രികര്‍ക്ക് വലിയ ആവേശമാണ്.’ എപിഎസി ബുക്കിംഗ് ഡോട്ട് കോമിന്റെ കൊമേഴ്ഷ്യല്‍ ഡയറക്ടര്‍ വ്യക്തമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. യാത്രകളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്ത 12 മാസം 86 ശതമാനം ഇന്ത്യക്കാരും ചില യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. വിവിധ നിയന്ത്രണങ്ങള്‍ കാരണം യാത്രകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് 70 ശതമാനം പേരും വ്യക്തമാക്കുന്നുണ്ട്. ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് ചില ആശങ്കകള്‍ ഉണ്ടെങ്കില്‍ പോലും ഇടവേളകളും യാത്രകളും ഒക്കെ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് എന്ന അഭിപ്രായമാണ് 78 ശതമാനം ആളുകള്‍ക്കുമുള്ളത്. ഏഷ്യ-പസഫിക് മേഖലകളിലെ 11 രാജ്യങ്ങളില്‍ നിന്നുള്ള 11,000 യാത്രക്കാരിലാണ് പഠനം നടത്തിയത്.
അതിര്‍ത്തികളിലുള്ള നിയന്ത്രണങ്ങളാണ് യാത്രകള്‍ക്ക് ഏറ്റവും തടസ്സം എന്നാണ് 35 ശതമാനം ആളുകളുടെ അഭിപ്രായം. 38 ശതമാനം പേര്‍ യാത്രാ ചെലവിനെക്കുറിച്ച് ആശങ്കപ്പെടുന്നു. നിര്‍ബന്ധിത ക്വാറന്റീനെക്കുറിച്ചാണ് 37 ശതമാനം ആളുകളുടെ പേടി. കോവിഡ് കാരണം യാത്രകള്‍ മാറ്റിവെയ്ക്കുന്നതില്‍ കുഴപ്പമില്ലാത്തവരാണ് 87 ശതമാനം പേരും. അതേസമയം, 87 ശതമാനം പേര്‍ വിദേശ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.