നടിയെ ആക്രമിക്കപ്പെട്ട കേസ് : മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് പരിശോധനാഫലം. മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. രേഖപ്പെടുത്താതെ തുറന്നുപരിശോധിച്ചത് അനധികൃതമാണ്. മെമ്മറി കാര്‍ഡ് പരിശോധനാഫലം വിചാരണ കോടതി ക്രൈംബ്രാഞ്ചിനു കൈമാറി.
മെമ്മറി കാര്‍ഡ് വെറുതെ തുറന്നുനോക്കിയാലും ഹാഷ് വാല്യു മാറുമെന്നാണ് പ്രതിഭാഗം നല്‍കുന്ന വിശദീകരണം. എന്നാല്‍ കേവലം തുറന്നുപരിശോധിച്ചാല്‍ ഹാഷ് വാല്യു മാറില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയോ രേഖകള്‍ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താല്‍ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വെറുതെ തുറന്നുപരിശോധിച്ചതാണെങ്കില്‍ പോലും അത് നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഇങ്ങനെ തുറന്നുപരിശോധിച്ചതിന് കോടതികളില്‍ രേഖയില്ല. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണെന്നാണ് വാദം.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത!!െന്നാണ് കണ്ടെത്തല്‍. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തില്‍ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി.
അതേസമയം, തുടരന്വേഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
നേരത്തെ മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് നിര്‍ദേശിച്ചത്. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം. സംസ്ഥാന ഫൊറന്‍സിക് ലാബിലെ പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സീല്‍ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് കേസില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സുനി മാത്രമാണ് ജയിലുള്ളതെന്ന് അഭിഭാഷകന്‍ വാദിച്ചു. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങി, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനി. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയില്‍ അതിജീവിതയുടെ പേര് രേഖപ്പെടുത്തിയത് കുറ്റകരമായ നടപടിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.