മാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സല്യൂട്ട് ; പോലീസുകാരന് അഭിനന്ദന പ്രവാഹം
നമ്മുടെ അഭിമാനമാണ് ദേശിയ പതാകയും ദേശിയ ഗാനവും എല്ലാം. അതിനെ ബഹുമാനിക്കേണ്ട കടമ നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. ഇതൊക്കെ കുറച്ചില്‍ എന്ന തരത്തിലാണ് പുതു തലമുറ വളര്‍ന്നു വരുന്നത്. അവര്‍ക്ക് മുന്നിലാണ് ഈ പോലീസുകാരന്‍ മാതൃകയാകുന്നത്. മാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സിവില്‍ പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറി. തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമല്‍ ടി. കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കിയത്. പോലീസുകാരന് അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. പോലീസുകാരനെ അഭിനന്ദിക്കാന്‍ മേജര്‍ രവി നേരിട്ട് എത്തി.
കാെച്ചി ഇരുമ്പനത്തിന് സമീപം കടത്തു കടവില്‍ കഴിഞ്ഞ ദിവസമാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചെത്തിയതിനെ തുടര്‍ന്നാണ് അമല്‍ സംഭവ സ്ഥലത്തെത്തിയത്. പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയ ഉടനെ ദേശീയ പതാക മാലിന്യക്കൂമ്പാരത്തില്‍ കിടക്കുന്നത് കണ്ട് അമല്‍ സല്യൂട്ട് ചെയ്യുകയായിരുന്നു. മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം മടക്കി കയ്യിലെടുക്കാന്‍ തുടങ്ങി. ഈ സമയം അവിടെയുണ്ടായിരുന്ന ഒരു നാട്ടുകാരന്‍ വാര്‍ഡ് കൗണ്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ വന്നിട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ വേറൊരാള്‍ വരുന്നത് വരെ ദേശീയ പതാക മാലിന്യത്തില്‍ ഇടുന്നത് ശരിയല്ലെന്ന് പറഞ്ഞ് അമല്‍ പതാകകള്‍ എല്ലാം ഭംഗിയായി മടക്കിയെടുത്ത് പൊലീസ് ജീപ്പിലേക്ക് മാറ്റുകയായിരുന്നു.
ശ്മശാനത്തിനു സമീപമുള്ള സ്ഥലത്ത് ടിപ്പറില്‍ കാെണ്ടു വന്നാണ് മാലിന്യം തള്ളിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യക്കൂമ്പാരത്തില്‍ നിരവധി ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു. ദേശീയപതാകകള്‍ക്ക് പുറമെ കോസ്റ്റ് ഗാര്‍ഡിന്റെ ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ളവ മാലിന്യത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദേശീയ പതാകയെ അപമാനിച്ചതിന് ഹില്‍ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ ചുമതലപ്പെടുത്തിയവര്‍ മാലിന്യം പൊതുസ്ഥലത്ത് തള്ളിയതാകാമെന്നാണ് പോലീസ് നിഗമനം.