രാജ്യത്തെ ആദ്യ മങ്കി പോക്‌സ് കേരളത്തില്‍ സ്ഥിതീകരിച്ചു ; ആശങ്ക വേണ്ടന്നു സര്‍ക്കാര്‍
രാജ്യത്തെ ആദ്യ വാനര വസൂരി അഥവാ മങ്കിപോക്‌സ് കേരളത്തില്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് രോഗം കണ്ടെത്തിയത്. ജൂലായ് 12-നാണ് ഇയാള്‍ യു എ ഇയില്‍ നിന്നും കേരളത്തില്‍ എത്തിയത്.കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനത്താവളത്തില്‍ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ അച്ഛനും അമ്മയും ഐസൊലേഷനിലാണ്. ആരുമായും അടുത്ത സമ്പര്‍ക്കമില്ലെന്നാണ് രോഗി അറിയിച്ചതെങ്കിലും വിമാനത്തിലുണ്ടായിരുന്ന 11 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങള്‍ കാണിച്ചേക്കും. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.
മാതാപിതാക്കളും ഓട്ടോ-ടാക്സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് രോഗി. രോഗം പകരുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മങ്കിപോക്‌സ് പകര്‍ച്ചവ്യാധിയാണ്. അതിനാല്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്കാണ് പകരാന്‍ സാധ്യത. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി.
തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.