ഒടുവില്‍ ജനകീയ വിജയം : ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു

വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ തോല്‍വി സമ്മതിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു. ശ്രീലങ്കന്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചുവെന്നാമ് ഇവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയില്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സര്‍വ്വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് പ്രതിക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.

സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂര്‍ണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. എങ്കിലും പ്രസിഡന്റിന്റെ രാജിയെ വിജയദിനമെന്നും ഇവര്‍ വിശേഷിപ്പിക്കുന്നു. രാജി പ്രഖ്യാപിക്കാന്‍ തയാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോത്തബയ രജപക്‌സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്കാണ് ഗോത്തബയ കടന്നത്. ഒപ്പം ഭാര്യ യോമ രജപക്‌സെയും ഉണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള ഇവര്‍ സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാര്‍ത്ത പരസ്യമായതോടെ കൊളംബോയില്‍ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി. അടിയന്തരസാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ, ലങ്കന്‍ രാഷ്ട്രീയ നേതാക്കള്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു, പാര്‍ലമെന്റ് സ്പീക്കറെ ആക്ടിംഗ് പ്രസിഡന്റായി ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചിരുന്നതാണ്. സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ ഒരാളെ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗപ്പൂരിലേക്ക് കടക്കാനായി ഒരു സ്വകാര്യ വിമാനം സംഘടിപ്പിക്കാന്‍ ഗോത്തബയ മാലി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഗോത്തബയ്ക്ക് അഭയം നല്‍കിയ മാലി ദ്വീപ് സര്‍ക്കാരിന്റെ നടപടിക്കെതിരെ അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു. ഇതോടെ മാലി സര്‍ക്കാരും സമ്മര്‍ദ്ദത്തിലായി.