പാര്‍ലമെന്റില്‍ ഇനി’ അഴിമതിക്കാരന്‍’ ഉണ്ടാവില്ല ; 65 വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇനി അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകള്‍ ഉണ്ടാവില്ല. ഇതുപോലെ 65 വാക്കുകള്‍ അണ്‍പാര്‍ലിമെന്ററിയായി പ്രഖ്യാപിച്ചു. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് ലോക്‌സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 18ന് പാര്‍ലിമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായാണ് വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അണ്‍പാര്‍ലിമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടികയുമായി കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
‘അരാഷ്ട്രീയവാദി’, ശകുനി, ഏകാധിപതി, ഖാലിസ്ഥാനി, കരിദിനം, കഴിവില്ലാത്തവന്‍, കാപട്യം, തുടങ്ങിയ വാക്കുകളും നിരോധിച്ചിട്ടുണ്ട്. ഈ വാക്കുകളൊന്നും തന്നെ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചകളില്‍ ഉപയോഗിക്കാന്‍ പാടില്ല. രാജ്യത്തെ വിവിധ നിയമസഭകളിലും കോമണ്‍വെല്‍ത്ത് പാര്‍ലമെന്റുകളിലും ചില വാക്കുകളും പ്രയോഗങ്ങളും അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിക്കാറുണ്ട്. ഭാവിയില്‍ റഫറന്‍സിന് വേണ്ടിയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇപ്പോള്‍ ഈ വാക്കുകള്‍ സമാഹരിച്ചിരിക്കുന്നത്.
എന്നാല്‍ വാക്കുകള്‍ നിരോധിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് ഇപ്പോള്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ‘സംഘി’ എന്ന വാക്ക് ഇക്കൂട്ടത്തില്‍ ഇല്ലെന്നും അവര്‍ പരിഹസിച്ചു. ബിജെപി എങ്ങനെയാണ് രാജ്യത്തെ തകര്‍ക്കുന്നതെന്ന് വ്യക്തമാക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കാറുള്ള വാക്കുകളാണ് പട്ടികയിലുള്ള മിക്ക പദങ്ങളുമെന്നും മൊയ്ത്ര കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുക. 2021ല്‍ ഇന്ത്യയിലെ ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളും പദപ്രയോഗങ്ങളും പട്ടികയായി സമാഹരിച്ചിട്ടുണ്ട്. സഭാധ്യക്ഷനെതിരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രയോഗിച്ചിട്ടുള്ള അധിക്ഷേപ പരാമര്‍ശങ്ങളും അണ്‍ പാര്‍ലിമെന്ററി വാക്കുകളുടെ പട്ടികയിലുണ്ട്. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ പാര്‍ലമെന്റിന്റെ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യും. ചില വാക്കുകള്‍ നേരിട്ട് അണ്‍പാര്‍ലിമെന്റിയാവണം എന്നില്ല, എന്നാലും മറ്റ് പദങ്ങളോടൊപ്പം ഒരുമിച്ച് പ്രയോഗിക്കുമ്പോഴാണ് ഇവ ഒഴിവാക്കേണ്ടി വരികയെന്നും പറയുന്നു.