രാജിവെച്ചാല്‍ പിണറായിക്ക് ജയില്‍ വാസം ഒഴിവാക്കാം : പി സി ജോര്‍ജ്
കോട്ടയം : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിഞ്ഞാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ജയില്‍ വാസത്തില്‍ നിന്നെങ്കിലും പിണറായി വിജയന് രക്ഷപ്പെടാമെന്ന് കേരള ജനപക്ഷം (സെക്കുലര്‍) ചെയര്‍മാന്‍ പി.സി. ജോര്‍ജ്. കോട്ടയത്ത് ചേര്‍ന്ന കേരള ജനപക്ഷം ( സെക്കുലര്‍ )സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതല്‍ 2022 വരെയുള്ള ആറു വര്‍ഷക്കാലം വലിയ രീതിയിലുള്ള അഴിമതിയാണ് പിണറായി വിജയനും കുടുംബവും നടത്തിയിരിക്കുന്നത്. പിണറായിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ അന്വേഷിച്ചാല്‍ ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാകും.
കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കേരള ജനത മനസ്സിലാക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പി.സി.ജോര്‍ജ് പറഞ്ഞു. കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കാന്‍ രാജിയല്ലാതെ പിണറായിയുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല. പിണറായിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇ കെ ഹസ്സന്‍ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ജോര്‍ജ് ജോസഫ് കാക്കനാട്ട്,പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, ഉമ്മച്ചന്‍ കൂറ്റനാല്‍, സെബി പറമുണ്ട,പ്രൊഫ. ജോസഫ് റ്റി ജോസ്, കെ.എഫ്.കുര്യന്‍, അഡ്വ. ഷൈജോ ഹസ്സന്‍ , അഡ്വ. ഷോണ്‍ ജോര്‍ജ്, ഇന്ദിര ശിവദാസ്, സജി എസ് തെക്കേല്‍, ജോര്‍ജ് വടക്കന്‍, സുബീഷ് ശങ്കര്‍, നസീര്‍ വയലും തലയ്ക്കല്‍ ,ജോസ് ഫ്രാന്‍സിസ്,സുരേഷ് പലപ്പൂര്‍, മേഴ്‌സി ചന്ദ്രന്‍, ബെന്‍സി വര്‍ഗീസ്,ഇ.ഒ. ജോണ്‍, പി.എം. വത്സരാജ്, ബാബു പൊന്മാങ്കല്‍,സിറില്‍ നരിക്കുഴി,മാത്യു കൊട്ടാരം, റെനീഷ് ചൂണ്ടച്ചേരി തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.