പബ്ജി കളി പ്രണയമായി മാറി ; 3 കുട്ടികളെ ഉപേക്ഷിച്ചു പബ്ജി കാമുകന് ഒപ്പം പോയ മലപ്പുറം സ്വദേശിനി പിടിയില്‍

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിന് ഒപ്പം മുങ്ങിയ വീട്ടമ്മ പിടിയില്‍. തിരൂര്‍ സ്വദേശിനിയായ മൂന്നു കുട്ടികളുടെ അമ്മയായ 28കാരിയാണ് പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനോടൊപ്പം നാടുവിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന് പിതാവ് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി തമിഴ്‌നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചു. എന്നാല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടി. ഇതിനിടെ യുവതിയുടെ പബ്ജി കളിയും ഇതുവഴി പരിചയപ്പെട്ടയാളെയും കുറിച്ച് പൊലീസ് വിവരം ശേഖരിച്ചു.

തുടര്‍ന്ന് ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടിയിലെത്തി രണ്ടു പേരെയും പിടികൂടുകയായിരുന്നു. 3 മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിനാല്‍ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. യുവതി പബ്ജി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറയുന്നു. പബ്ജി കളിച്ചാണ് തമിഴ്നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത് തന്നെ. നേരത്തെയും ഒരുതവണ സമാന രീതിയില്‍ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. പത്തു മാസം മുമ്പാണ് കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ വീണ്ടും ഒളിച്ചോടിയത്.