ഒഡീഷയില്‍ മലിനജലം കുടിച്ച് 6 പേര്‍ മരിച്ചു
ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ മലിനജലം കുടിച്ച് 6 പേര്‍ മരിച്ചു. 71 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാശിപൂര്‍ ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളില്‍ സമാന രീതിയില്‍ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 11 ഡോക്ടര്‍മാരുടെ സംഘം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് വെള്ളവും രക്തവും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 46 പേര്‍ തിക്രി പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഇതുകൂടാതെ കാശിപൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ 14 പെണ്‍കുട്ടികളും തത്തിബാര്‍ ഹെല്‍ത്ത് സെന്ററിലെ ആശ്രമ സ്‌കൂളിലെ 11 പെണ്‍കുട്ടികളും ചികിത്സയിലാണ്. ഒരു രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോരാപുട്ടിലെ എസ്എല്‍എന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മാലിഗുഡയിലെ ഒരു തുറന്ന കിണറ്റിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഗ്രാമങ്ങളില്‍ ബദല്‍ ജലസ്രോതസ്സുകള്‍ക്കായി ക്രമീകരണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഡിഎംഒ അറിയിച്ചു. മാലിഗുഡ ഗ്രാമത്തിലാണ് രോഗികള്‍ ആദ്യം ചികിസ്ത തേടിയത്. പിന്നീട് ദുഡുകബഹാല്‍, തിക്രി, ഗോബാരിഘട്ടി, റൗത്ത് ഘാട്ടി, ജല്‍ഖുര എന്നിവിടങ്ങളില്‍ നിന്നും ഗ്രാമവാസികള്‍ ചികിത്സ തേടിയെത്തി. ഡാങ്സില്‍, റെംഗ, ഹാദിഗുഡ, മെകാഞ്ച്, സങ്കര്‍ദ, കുച്ചിപദാര്‍ ഗ്രാമങ്ങളിലും നിരവധി ആളുകള്‍ വയറിളക്കം ബാധിച്ച് വീട്ടില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിപക്ഷമായ കോണ്‍ഗ്രസ് സംസ്ഥാന നിയമസഭയില്‍ വിഷയം ഉന്നയിച്ചു. സംഭവത്തില്‍ പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവ് നര്‍സിങ് മിശ്ര മുഖ്യമന്ത്രി പട്നായിക്കിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യം കാരണം കാട്ടുപഴങ്ങള്‍ കഴിച്ചാലും ആളുകള്‍ രോഗബാധിതരാകുമെന്ന് മിശ്ര പറഞ്ഞു. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് വിപ്പ് താരാപ്രസാദ് ബഹിനിപതി അവകാശപ്പെട്ടു.