കോണ്ടം വാങ്ങാന്‍ ആളില്ല ; കൈയ്യുറ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ് കമ്പനികള്‍
കൊവിഡ് മഹാമാരി സമയത്ത് മറ്റ് മേഖലകളെല്ലാം തളര്‍ന്നപ്പോഴും ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്ന ഒന്നാണ് കോണ്ടം. ലോകത്തുള്ള കോണ്ടം നിര്‍മാണ കമ്പനികള്‍ക്ക് അത് നല്ല കലമായിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ ലോകത്തെ ഏറ്റവും വലിയ കോണ്ടം നിര്‍മാണ കമ്പനിയായ കാരെക്സ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രണ്ട് കൊവിഡ് വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്ടം വില്‍പനയില്‍ 40 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് കാരെക്സ് അറിയിച്ചു. ചൈനയില്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് സെന്ററുകളില്‍ നല്‍കിയിരുന്ന കോണ്ടത്തിന്റെ അളവ് കുറഞ്ഞു. കൊവിഡ് വന്ന് ഒപ്പം ടൂറിസം കൂടി ഇടിഞ്ഞതോടെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള കോണ്ടം വില്‍പനയും നിന്നു. ഇതെല്ലാം കോണ്ടം വിപണിയെ പിടിച്ചുലച്ചു.
കാരെക്സ് കമ്പനി ഒരു ഉദാഹരണം മാത്രമാണ്. ചൈനയില്‍ കോണ്ടം നിര്‍മാണ കമ്പനികളെല്ലാം അടച്ചുപൂട്ടപ്പെടുകയോ അടച്ച് പൂട്ടല്‍ വക്കിലോ ആണ്. ചൈനീസ് കമ്പനികളുടെ ഡേറ്റാബേസായ തയന്യന്‍ച നല്‍കുന്ന വിവരം പ്രകാരം 2019 മുതല്‍ ജൂണ്‍് 2022 വരെയുള്ള കാലത്തില്‍ 43,200 ആഭ്യന്ത കോണ്ടം നിര്‍മാണ കമ്പനികളാണ് ഡേറ്റാബേസില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇവയെല്ലാം അടച്ച് പൂട്ടി. പ്രതിവര്‍ഷം 17,300 കമ്പനികളാണ് നിര്‍മാണം നിര്‍ത്തിയത്. ആഭ്യന്തര വിപണിയില്‍ കോണ്ടത്തിന്റെ വിലയിലുണ്ടായ ഇടിവ് വില്‍പനയിലും 30 ശതമാനത്തിന്റെ ഇടിവുണ്ടാക്കി.
കോണ്ടം വില്‍പനയില്‍ തളര്‍ച്ച നേരിട്ടത്തോടെ കമ്പനികളെല്ലാം കൈയ്യുറ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 1966 ല്‍ സ്ഥാപിതമായ ഗ്വിലിന്‍ സീഷു ലാറ്റക്സ് പ്രൊഡക്ട് എന്ന കോണ്ടം കമ്പനി കുറഞ്ഞ തുകയായ 450 മില്യണ്‍ യുവാനിനാണ് വിറ്റ് പോയത്. ഈ കമ്പനി വിന്നര്‍ മെഡിക്കല്‍ എന്ന സ്ഥാപനം ഏറ്റെടുത്ത് ഇവിടെ കൈയുറ നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ചൈനയില്‍ നിലവിലുള്ള കോണ്ടം കമ്പനികളെല്ലാം വരുമാനത്തിനായി കൈയുറ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 2020 മുതല്‍ 2,32,300 പുതിയ കൈയുറ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡേറ്റാബേസിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.