കാലവര്‍ഷം ; ഇടുക്കി മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കാലവര്‍ഷക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് രണ്ട് പേര്‍ മുങ്ങി മരിച്ചു. വയനാട് മണ്ണിടിഞ്ഞാണ് ഒരാള്‍ മരിച്ചത്. കോഴിക്കോട് മാവൂരില്‍ ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ച് കയറി വിവാഹ സത്കാരം താറുമാറായി. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.

കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട് രണ്ട് പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് പതിമൂന്നുകാരന്‍ മുഹമ്മദ് മിര്‍ഷാദാണ് കുളത്തില്‍ വീണ് മരിച്ചത്. എടച്ചേരിയില്‍ പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് ആലിശേരി സ്വദേശി അഭിലാഷിന് ജീവന്‍ നഷ്ടമായത്. നാല്‍പ്പത് വയ്സ്സായിരുന്നു. വയനാട് തോട്ടുമച്ചാല്‍ കാട്ടിക്കൊല്ലിയില്‍ മണ്‍തിട്ട ഇടിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളിയായ നായ്ക്കപടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട് മാവൂരിലാണ് മഴ ഏറെ ദുരിതം വിതച്ചത്. വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ചു കയറി ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു.

ചാലിയാറില്‍ വെള്ളം ഉയര്‍ന്നതാണ് മാവൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായത്. കക്കയം ഡാമിന്റെ ഷട്ടറുകള്‍ രണ്ടും ഉയര്‍ത്തിയ നിലയിലാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന അറിയിപ്പുണ്ട്. അതിനാല്‍ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം. മലപ്പുറം, നിലമ്പൂര്‍ മേഖലയിലും ശക്തമായ മഴയുണ്ട്. പാലക്കാടും മഴ ശക്തമാണ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തപ്പെട്ടതിനാല്‍ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. കല്‍പ്പാത്തിപുഴ, ഭാരതപ്പുഴ എന്നിവിയില്‍ നീരൊഴുക്ക് കൂടാനിടയുണ്ട്. തീരവാസികള്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം. അട്ടപ്പാടി ചുരം റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.