നഷ്ട്ടങ്ങള്‍ക്കിടയിലും കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു
നഷ്ടങ്ങളുടെ കണക്കാണ് നിരത്തുവാന്‍ ഉള്ളത് എങ്കിലും അഞ്ചു വര്‍ഷം തികച്ച കൊച്ചി മെട്രോയില്‍ ഇതുവരെ ആറു കോടിയിലധികം പേര് യാത്ര ചെയ്തു എന്ന് കണക്ക്. സര്‍വ്വീസ് ആരംഭിച്ച 19.06.2017 മുതല്‍ 14.07.2022 വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. ഇതിനിടയില്‍ തന്നെ കൊവിഡ് കാലത്ത് നിരവധി മാസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. 2021 ഡിസംബര്‍ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത് വാര്‍ത്തകളില്‍ വന്നിരുന്നു. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളില്‍ എത്തിയത്.
ശരാശരി 65000 പേരാണ് ഇപ്പോള്‍ ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് തവണയാണ് ഒരു ലക്ഷം കടന്നത്.
കൊവിഡിന് ശേഷം 2022 ജൂണ്‍ പതിനേഴാം തീയതി ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിക്കാന്‍ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. അഞ്ചാം വാര്‍ഷിക ദിനമായ ജൂണ്‍ പതിനേഴിന് 1,12,628 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഇപ്പോള്‍ പണി നടക്കുന്ന എസ്.എന്‍.ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ കൊച്ചി മെട്രോ പങ്കുവെക്കുന്നുണ്ട്. അതേസമയം യാത്രക്കാരെ ആകര്‍ഷിക്കുവാനായി നിരവധി ഓഫറുകളാണ് കൊച്ചി മെട്രോയില്‍ നിലവിലുള്ളത്. സ്‌കൌട്ട്സ് ആന്‍ഡ് ഗൈഡ്സ് , പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എഴുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഡിസ്‌കൌണ്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര സൗജന്യമാണ്. ഭിന്നശേഷിയുള്ള വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ടിക്കറ്റിന്റെ 50 ശതമാനം മാത്രം നല്‍കിയാല്‍ മതി. രാവിലെ 6 -8 മണി വരെയും രാത്രി 8-11 മണിവരെയും യാത്രക്കാര്‍ക്കായി 50 ശതമാനം ഡിസ്‌കൌണ്ടും നിലവിലുണ്ട്. സംഗതികള്‍ ഇങ്ങനെയൊക്കെ ആണ് എങ്കിലും പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കൊച്ചി മെട്രോ ഇപ്പോഴും വന്‍ നഷ്ടത്തിലാണ് ഓടുന്നത് എന്നതും മറ്റൊരു സത്യമായ വസ്തുതയാണ്.