ഇന്നുമുതല്‍ എല്ലാത്തിനും വില വര്‍ധിക്കും
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതല്‍ വര്‍ധിക്കും. ജി.എസ്.ടി ഏര്‍പ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതുമൂലം മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്ന് രൂപ വരെയാണ് ജി.എസ്.ടി വര്‍ധിക്കുന്നത്. ഇന്ന് മുതല്‍ പാല്‍ ഉത്പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വര്‍ധനയുണ്ടാകും. പാല്‍ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് വിലകൂട്ടാന്‍ കാരണം. തൈര്, മോര്, ലസ്സി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അഞ്ചു ശതമാനത്തില്‍ കുറയാത്ത വര്‍ധന ഇന്നുമുതലുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.
അതേസമയം, ജി.എസ്.ടി ഏര്‍പ്പെടുത്താത്തതിനാല്‍ പാല്‍വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ജി.എസ്.ടി വരാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കെല്ലാം അഞ്ചുശതമാനം നികുതി നാളെമുതല്‍ പ്രാബല്യത്തില്‍ വരുന്നത്.കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് പ്രാബല്യത്തിലായിരിക്കുന്നത്. ഇതോടൊപ്പം പരിഷ്‌കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വന്നു.
നിത്യോപയോഗ ഉത്പന്നങ്ങളുടെ മേല്‍ ഉള്ള നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ഉല്‍പന്നങ്ങളുടെ വില വര്‍ധനയില്‍ ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചു എന്നും ധനമന്ത്രി പറഞ്ഞു. ലക്ഷ്വറി ഇനങ്ങള്‍ക്കുള്ള നികുതി പുനസ്ഥാപിക്കണം എന്നും കേന്ദ്രത്തോട് അവശ്യപ്പെട്ടുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായാണ് വര്‍ധന വന്നത്. ധന മന്ത്രാലയം വിശദീകരണം നല്‍കിയെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
വില കൂടുന്നവ :
തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
പനീര്‍ – 5% (ജിഎസ്ടി)
ശര്‍ക്കര – 5% (ജിഎസ്ടി)
പഞ്ചസാര – 5% (ജിഎസ്ടി)
തേന്‍ – 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്പ്, ബാര്‍ലി, ഓട്ട്സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം – 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)
എല്‍ഇഡി ലാമ്പുകള്‍, കത്തി, ബ്ലെയ്ഡ്, പെന്‍സില്‍ വെട്ടി, സ്പൂണ്‍, ഫോര്‍ക്ക്സ്, സ്‌കിമ്മര്‍, കേക്ക് സര്‍വര്‍, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിള്‍ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകള്‍, ധാന്യ ഇന്‍ഡസ്ട്രികളില്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ക്ക് 18% (ജിഎസ്ടി)
ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
സോളാര്‍ വാട്ടര്‍ ഹിറ്റര്‍, സിസ്റ്റം- 12% (ജിഎസ്ടി)
ലെതര്‍- 12% ജിഎസ്ടി
പ്രിന്റ് ചെയ്ത മാപ്പുകള്‍, അറ്റ്ലസ് – 12% (ജിഎസ്ടി)
പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12% ജിഎസ്ടി
പ്രതിദിനം 5000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ഹോസ്പിറ്റല്‍ മുറികള്‍ – 5% ജിഎസ്ടി
-റോഡുകള്‍, പാലങ്ങള്‍, മെട്രോ, ശ്മശാനം, സ്‌കൂളുകള്‍, കനാല്‍, ഡാം, പൈപ്പ്ലൈന്‍, ആശുപത്രികള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവയുടെ കോണ്‍ട്രാക്ടുകള്‍ക്ക് 18% ജിഎസ്ടി.