ജയരാജന്റെ ഇന്‍ഡിഗോ നിരോധന പ്രസ്താവന ; ഇന്‍ഡിഗോ ഫേസ്ബുക്ക് പേജില്‍ കമന്റ് ഇട്ടു നിറച്ചു സൈബര്‍ മലയാളി

ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്റുകളാല്‍ നിറയുന്നു.മലയാളത്തിലാണ് കമന്റ് എല്ലാം എന്നതും ശ്രദ്ധേയം. ഇ പി ജയരാജനെതിരായ യാത്ര വിലക്കും അതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നുമുള്ള പ്രതികരണവുമാണ് കമന്റുകള്‍ക്കാധാരം. വാര്‍ത്ത വന്നതിന് പിന്നാലെ മലയാളം കമന്റുകളാല്‍ ഓരോ പോസ്റ്റും നിറയുകയാണ്. ഇ പി ജയരാജനെ അനുകൂലിക്കുന്നതും വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമായ കമന്റുകളാണ് ഏറിയപങ്കും.

ഇനി ഇന്‍ഡിഗോ വിമാനം കേരളത്തിന്റെ ആകാശത്ത് എങ്ങനെ പറക്കുമെന്ന് കാണണമെന്ന് പരിഹസിക്കുന്നവര്‍ വിമാനത്തിന് വിലയെത്ര എന്നും ധൈര്യമുണ്ടെങ്കില്‍ റോട്ടില്‍ കൂടി ഓടിച്ചു കാണിക്കെടാ എന്നും കമന്റിടുന്നുണ്ട്. അതേസമയം ഇപിയെ അനുകൂലിക്കുന്നവര്‍ വിമാനകമ്പനിയുടെ നടപടിയെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടയില്‍ കമന്റ് വായിക്കാന്‍ ഇന്നിവിടെ കൂടാം എന്ന അഭിപ്രായവുമായും ചിലര്‍ എത്തിയിട്ടുണ്ട്.

അതിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്രചെയ്യില്ലെന്ന പ്രഖ്യാപനം എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആദ്യ ദിനം തന്നെ നടപ്പാക്കി. കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കയ്യിലുണ്ടായിട്ടും ഇ പി ജയരാജന്‍ ട്രെയിനിലാക്കി യാത്ര. ഇന്ന് രാവിലെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലേക്ക് പോകാന്‍ ഇ പി ടിക്കറ്റ് എടുത്തത്. ഇതിനു പിന്നാലെയാണ് വിവാദം തലപൊക്കിയതും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് ഇ പി പ്രഖ്യാപിച്ചതും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ പിടിച്ചു തള്ളിയതിന് ഇ പി ക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്രചെയ്യില്ലെന്ന് ജയരാജന്‍ പ്രഖ്യാപിക്കുകയായിരുന്നു.