നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ല എന്ന് ഹൈക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി. കൂടുതല്‍ സമയം അനുവദിക്കില്ലെന്നും എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.അന്വേഷണത്തിന് ഒരാഴ്ചക്കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അതേസമയം കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെ ഒഴിവാക്കണമെന്ന് നടി ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച ദുരൂഹതകള്‍ തുടരുന്നതിനിടെയായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധന വേണമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകയെ ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ നടി ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. കോടതികളുടെ കൈവശമുള്ളപ്പോള്‍ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്താണ് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചതെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.

വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നും പരിശോധനാഫത്തില്‍ പറയുന്നുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡിലുള്ളത്. 2018 ഡിസംബര്‍ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്.