കുടുംബശ്രീ അംഗങ്ങളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണം : അഡ്വ. ഷോണ്‍ ജോര്‍ജ്
സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളെയും സര്‍ക്കാരിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ്. ജീവനക്കാരില്‍ നിന്ന് പ്രതിമാസം 500 രൂപ പ്രീമിയം ഇടാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.ഇതേ മാതൃകയില്‍ തന്നെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും പ്രീമിയം തുക ഈടാക്കി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ വിപ്ലവം ആയിരിക്കും ഈ പദ്ധതി എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
തലനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ അഭിമുഖ്യത്തില്‍ ആരംഭിച്ച ഉത്പാദന വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷോണ്‍. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോളി ഷാജി, ആശ റിജു, ഷമീല ഹനീഫ,റോബിന്‍ ജോസഫ്, രോഹിണിഭായ് ഉണ്ണികൃഷ്ണന്‍, എ.ജെ. സെബാസ്റ്റ്യന്‍,രാഗിണി, ബിന്ദു,ദിലീപ് കുമാര്‍ എം എസ്,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷൈനി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.