ഡോളറിനു മുന്നില്‍ കൂപ്പുകുത്തി രൂപ ; വിനിമയ നിരക്ക് 80 കടന്നു

ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 80 കടന്നു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയില്‍ നിന്ന് ഒരു ഡോളറിന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറന്‍സി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന്, അത് ഉടന്‍ തന്നെ ആദ്യ വ്യാപാരത്തില്‍ 80.0175 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഡോളര്‍ ശക്തിപ്പെടുക, ക്രൂഡ് ഓയില്‍ വില ഉയരുക, വ്യാപാരക്കമ്മി വര്‍ധിക്കുകയും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ ഒഴുക്ക് എന്നിവയും രൂപയെ കുറച്ചുകാലമായി സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തോലമാണ് ഇടിഞ്ഞത്.

2014 ഡിസംബര്‍ 31 മുതല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏകദേശം 25 ശതമാനം ഇടിഞ്ഞതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ 18ന് ലോക്സഭയില്‍ പറഞ്ഞു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില കുതിച്ചുയരല്‍, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കര്‍ശനമാക്കല്‍ തുടങ്ങിയ ആഗോള ഘടകങ്ങള്‍ ഒന്നിച്ചു ചേര്‍ന്നതോടെയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നിലെ പ്രധാനകാരണമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശ നിക്ഷേപകര്‍ 2022-23ല്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് ഇതുവരെ 14 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചതായി സീതാരാമന്‍ പറഞ്ഞു. ഇവിടെ നിക്ഷേപിച്ചിരുന്ന വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.