കേരളത്തില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ : പി സി ജോര്‍ജ്

തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ പ്രതികരിക്കുന്നവരെ എല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള പിണറായി വിജയന്റെ തീരുമാനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍. എയുമായ കെ.എസ്.ശബരിനാഥിന്റെ അറസ്റ്റിലൂടെ ബോധ്യമായതെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി.സി ജോര്‍ജ് പറഞ്ഞു. കേരളം ഭരിക്കുന്ന പിണറായി വിജയന് അധികാര ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. അമിതമായ പുത്രി വാത്സല്യം അദ്ദേഹത്തെ അന്ധനാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം പ്രതികാര രാഷ്ട്രീയത്തിനെതിരെ പൊതുസമൂഹം ഉണരണം. വലിയ തിരിച്ചടിയാകും പിണറായി വിജയന്‍ കാരണം സിപിഎം നേരിടാന്‍ പോകുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്ന് പറയപ്പെടുന്ന കേസില്‍ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചു. IPC sec 120B,153,464,469,505(1)(b),34 എന്നീ വകുപ്പുകള്‍ പ്രകാരം സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും പി സി ജോര്‍ജ് രണ്ടാം പ്രതിയായും തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില്‍ 645/2022- ക്രൈം നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി സി ജോര്‍ജിന് തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് കുമാര്‍ ഹാജരായി.