തമിഴ്‌നാട്ടില്‍ വനത്തിനുള്ളില്‍ രണ്ടു മലയാളികള്‍ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം
തമിഴ്നാട്ടില്‍ ധര്‍മ്മപുരി-സേലം പാതയില്‍ ധര്‍മ്മപുരിയ്ക്കടുത്ത് റോഡരികിലെ വനപ്രദേശത്ത് രണ്ട് മലയാളികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന.
അതിയമ്മന്‍ കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്താണ് സംഭവം നടന്നത്. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.