ജീവനെടുക്കുന്ന നിരത്തുകള്‍ ; ദേശീയപാതയിലെ കുഴിയില്‍ ബൈക്ക് വീണ യുവാവ് മരിച്ചു
ദേശീയ പാതയിലെ കുഴിയില്‍ വീണ് പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. ചാവക്കാട്-കൊടുങ്ങല്ലൂര്‍ പാതയില്‍ തളിക്കുളത്തിന് അടുത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുന്നംകുളം പഴഞ്ഞി സ്വദേശി സനു ജെയിംസാണ്(29) മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സനു ജെയിംസ് ഇന്നലെ രാത്രിയാണ് മരിച്ചത്. ദേശീയ പാതയില്‍ തളിക്കുളത്തിനും പത്താംകല്ലിനും ഇടയിലായിരുന്നു അപകടം. സ്വകാര്യ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സനു. അവിവാഹിതനാണ്.
അപകടത്തിന് പിന്നാലെ സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അധികൃതര്‍ ഉടനടി ഇടപെട്ട് കുഴികള്‍ അടച്ചു. കഴിഞ്ഞ കുറച്ചുകാലമായി ചാവക്കാട്-തളിക്കുളം ഭാഗത്ത് ദേശീയപാത തകര്‍ന്ന നിലയിലാണ്. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ റോഡില്‍ ടൈല്‍ നിരത്തുന്ന ജോലികള്‍ തുടര്‍ന്നുവരികയായിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം റോഡിലെ കുഴികളില്‍ വെള്ളം നിറയുന്നുണ്ട്. ഇതും അപകട കാരണമാകുന്നുണ്ട്. സനു ജെയിംസ് അപകടത്തില്‍പ്പെട്ടതിനും കാരണം ഇതുതന്നെയായിരുന്നു.
സംസ്ഥാനത്തെ റോഡുകളിലെ കുഴിയെ ചൊല്ലി നിയമസഭയില്‍ ശക്തമായ വാദപ്രതിവാദം. സംസ്ഥാനത്തെ കുഴികളില്‍ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്റെ തോഴനായി മാറുന്നുവെന്നും കോണ്‍ഗ്രസ് എംല്‍എ എല്‍ദോസ് കുന്നപ്പള്ളില്‍ അടിയന്തരപ്രമേയ നോട്ടീസില്‍ ആഞ്ഞടിച്ചു. അതേസമയം റോഡിലെ കുഴി പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കാലാവസ്ഥ അടക്കം ഇതിനു കാരണമാണ്. പ്രശ്‌നം പരിഹരിക്കാന്‍ മഴക്കാലത്ത് ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ടാസ്‌ക് ഫോഴ്‌സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കുഴി പോലും ഇല്ലാത്ത റോഡുകളായി മാറണം എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഘട്ടം ഘട്ടമായി അത് കൈവരിക്കും. കഴിഞ്ഞ ജൂലൈയേക്കാള്‍ ഇപ്പോള്‍ റോഡുകളില്‍ കുഴി കുറവാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതികള്‍ സര്‍വകാല റെക്കോര്‍ഡോടെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
റോഡുകളിലെ കുഴി കേരളവും കേന്ദ്രവും പരസ്പരം പഴി ചാരുന്നു ജനങ്ങളുടെ നടുവൊടിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് റോഡില്‍ കുഴി പെരുകാന്‍ കാരണമെന്നും എല്‍ദോസ് കുന്നപ്പള്ളി ആരോപിച്ചു. കുഴികള്‍ എന്നല്ല മുതല കുഴികള്‍ എന്നാണ് പറയേണ്ടതെന്ന് എല്‍ദോസ് കുന്നപ്പള്ളി പരിഹസിച്ചു. ഇതില്‍ നിന്ന് നാടിന്റെ മോചനമാണ് ആവശ്യം. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും മോശം അവസ്ഥയിലേക്കാണ്. കമലേശ്വരം കല്ലാട്ടുമുക്ക് റോഡ് ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. കോവളത്തേക്കുള്ള വിനോദ സഞ്ചാരത്തെ ഇത് ബാധിക്കുന്നു. റോഡിന്റെ സ്ഥിതി മലയാളിക്ക് അപമാനമാണെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു.